ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യം ആദ്യമായി ഒന്നിച്ച് മത്സരിച്ച തിരഞ്ഞെടുപ്പിന്റെ ഫലം ചൊവ്വാഴ്ച അറിയാം.

ശിവമോഗ, ബെല്ലാരി, മാണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രാമനഗര, ജാംഖണ്ഡി നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയം ഉറപ്പാണെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.യും കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യവും.

രാമനഗരയിൽ ബി.ജെ.പി. സ്ഥാനാർഥിയില്ലാതിരുന്നത് ജെ.ഡി.എസ്. സ്ഥാനാർഥിയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയുമായ അനിത കുമാരസ്വാമിയുടെ വിജയം ഉറപ്പാക്കി. രാമനഗര, ജാംഖണ്ഡി, ബല്ലാരി, മാണ്ഡ്യ എന്നിവിടങ്ങളിൽ കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യം ജയിക്കുമെന്ന് തറപ്പിച്ചുപറഞ്ഞ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ശിവമോഗയിലെ കാര്യത്തിൽ ഉറപ്പുപറഞ്ഞില്ല. മറുവശത്ത് ബി.ജെ.പി.യും വിജയപ്രതീക്ഷയിലാണ്. എല്ലാ മണ്ഡലങ്ങളിലും ജയിക്കുമെന്നും ജെ.ഡി.എസിന്റെ തട്ടകമായ മാണ്ഡ്യയിൽ വൻവിജയം നേടുമെന്നും സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ അവകാശപ്പെട്ടു.

നിയമസഭാ മണ്ഡലങ്ങളായ രാമനഗരയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെച്ച ഒഴിവിലും ജാംഖണ്ഡിയിൽ കോൺഗ്രസ് എം.എൽ.എ. സിദ്ധുന്യാമഗൗഡ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ മണ്ഡലങ്ങളായ ശിവമോഗയിൽ ബി.എസ്. യെദ്യൂരപ്പയും ബല്ലാരിയിൽ ബി. ശ്രീരാമുലുവും മാണ്ഡ്യയിൽ സി.എസ്. പുട്ടരാജുവും നിയമസഭയിലേക്ക് ജയിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രാമനഗരയും മാണ്ഡ്യയും ജെ.ഡി.എസിന്റെയും ശിവമോഗയും ബല്ലാരിയും ബി.ജെ.പി.യുടെയും ജാംഖണ്ഡി കോൺഗ്രസിന്റെയും സിറ്റിങ് സീറ്റാണ്.