ബെംഗളൂരു:കർണാടകത്തിൽ വകുപ്പുവിഭജനം സംബന്ധിച്ച് കോൺഗ്രസ് -ജനതാദൾ(എസ്) ചർച്ചയിൽ തീരുമാനമായില്ല. പ്രധാന വകുപ്പുകൾക്കായി ഇരുപാർട്ടികളും അവകാശവാദം ഉന്നയിക്കുന്നതാണ് തർക്കത്തിന് കാരണം. ഒന്നോ രണ്ടോ ദിവസത്തിനകം വകുപ്പ് വിഭജനം പൂർത്തിയാക്കുമെന്ന് എ.ഐ.സി.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി കുമാരസ്വാമി ജനതാദൾ (എസ്) സെക്രട്ടറിജനറൽ ഡാനിഷ് അലി എന്നിവരാണ് കോൺഗ്രസ് നേതൃത്വവുമായി ചർച്ചനടത്തുന്നത്. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദിന്റെ വസതിയിലായിരുന്നു ചർച്ച. ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സോണിയാഗാന്ധിയുടെ വൈദ്യപരിശോധനയ്ക്കായി വിദേശത്തായതിനാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ചർച്ചയ്ക്ക് മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തിയിരുന്നു.

ധനകാര്യം, ആഭ്യന്തരം എന്നിവയ്ക്കുവേണ്ടി ഇരുപാർട്ടികളും അവകാശവാദം ഉന്നയിക്കുന്നതാണ് തീരുമാനം നീളാൻകാരണം. പൊതുമരാമത്ത്, ഖനനം, ഊർജം, ജലവിഭവം, നഗരവികസനം, ജലസേചനം എന്നിവയുടെ കാര്യത്തിലും തർക്കം നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രിസ്ഥാനം ജനതാദൾ -എസിന് നൽകിയ സാഹചര്യത്തിൽ പ്രധാന വകുപ്പുകൾ തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ, ഈ വകുപ്പുകൾ കൈവിടാൻ ജനതാദൾ-എസ് വിസമ്മതിക്കുകയാണ്. വകുപ്പുവിഭജനത്തെക്കുറിച്ചുള്ള തർക്കത്തിന് പരിഹാരമാകാത്തതിനാൽ മന്ത്രിമാരുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. സഖ്യം നിലനിർത്തേണ്ടത് ആവശ്യമായതിനാൽ ഇരുപക്ഷവും ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കും.