ബെംഗളൂരു : കർണാടകത്തിൽ എക്സിറ്റ് പോൾ ഫലം ബി.ജെ.പി.ക്ക് അനുകൂലമായതോടെ കോൺഗ്രസ്-ജനതാദൾ (എസ്) സഖ്യസർക്കാരിന്റെ ഭാവിയിൽ ആശങ്ക ശക്തമായി. കോൺഗ്രസ്-ജനതാദൾ (എസ്) ഭിന്നത രൂക്ഷമായതിന് പിന്നാലെ, സർക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങൾക്ക് ബി.ജെ.പി. ആക്കംകൂട്ടി.

കോൺഗ്രസിലെ ഭിന്നത വെളിപ്പെടുത്തി മുതിർന്ന നേതാവ് റോഷൻ ബെയ്ഗ് സംസ്ഥാന-കേന്ദ്ര നേതൃത്വത്തിനെതിരേ രംഗത്തുവന്നു. ഡൽഹിയിൽ കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയും ജനതാദൾ (എസ്) നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പങ്കെടുക്കാതിരുന്നതും ആശങ്ക ബലപ്പെടുത്തുന്നു.

തിരഞ്ഞെടുപ്പുഫലം വന്നശേഷം 20 കോൺഗ്രസ് എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേരുമെന്ന അവകാശവാദവുമായി മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രംഗത്തെത്തി. ജനതാദളിലെയും കോൺഗ്രസിലെയും വലിയ നേതാക്കൾ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ വിമതനീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന മുതിർന്ന നേതാവ് രമേശ് ജാർക്കിഹോളിയുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തി. വിമതപക്ഷത്തുള്ള എം.എൽ.എ.മാരായ മഹേഷ് കുമത്തല്ലി, ഭീമ നായിക്ക്, ജെ.എൻ. ഗണേശ് എന്നിവരുമായി ഫോണിൽ സംസാരിച്ചതായും സൂചനയുണ്ട്. കോൺഗ്രസ് എം.എൽ.എ.മാരെ കൂറുമാറ്റുന്നതിന് രമേശ് ജാർക്കിഹോളിയെയാണ് യെദ്യൂരപ്പ ചുമതലയേൽപ്പിച്ചത്.

സർക്കാരിനെ നിലനിർത്തണമെന്ന് രാഹുൽ

എന്തുവിലകൊടുത്തും സർക്കാരിനെ നിലനിർത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി. കോൺഗ്രസിൽ അതൃപ്തരായ നേതാക്കളെ അനുനയിപ്പിക്കാനുള്ള ഉത്തരവാദിത്വം മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാമണ്ഡലങ്ങളും ബി.ജെ.പി. പിടിച്ചെടുത്താൽ പ്രതിസന്ധി കനക്കുമെന്ന് ഉറപ്പാണ്. ഉപതിരഞ്ഞെടുപ്പിൽ രണ്ടുസീറ്റ് നേടുകയും ഭണപക്ഷത്തുനിന്ന് എട്ടുപേർ രാജിവെക്കുകയും ചെയ്താൽ ബി.ജെ.പി.ക്ക് സർക്കാർ രൂപവത്കരിക്കാനാകും.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജനതാദൾ-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയുമായി സംസാരിക്കാൻ തയ്യാറാണെന്ന് രാഹുൽഗാന്ധിയും അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസിന് വേണമെന്നാണ് സിദ്ധരാമയ്യപക്ഷത്തിന്റെ ആവശ്യം. ഇത് തള്ളിയ കോൺഗ്രസ് ഹൈക്കമാൻഡ് കുമാരസ്വാമിയെ പിന്തുണയ്ക്കണമെന്നും നിർദേശിച്ചു. കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ.

നിയമസഭ അംഗബലം

ആകെ-224

കോൺഗ്രസ്-78

ജനതാദൾ എസ്-37

ബി.ജെ.പി-104

ബി.എസ്.പി-1

മറ്റുള്ളവർ-2

ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങൾ-2

കേവലഭൂരിപക്ഷം-113

Content Highlights:Karnataka Congress, 2019 Loksabha Elections