ബെംഗളൂരു: കർണാടകത്തിൽ ബി.ജെ.പി. സർക്കാരിന്റെ ഭാവി തീരുമാനിക്കുന്ന നിർണായക ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം റാലികളോടെ സമാപിച്ചു. സംസ്ഥാനത്തെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിനാണ്.
ത്രികോണപോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മുൻമുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി എന്നിവരായിരുന്നു താരപ്രചാരകർ. പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശമായിനടന്ന റാലികളിൽ സ്ഥാനാർഥികളും നേതാക്കളും പങ്കെടുത്തു. ഓരോ മണ്ഡലത്തിലും റാലികൾ നടന്നു. ബുധനാഴ്ച സ്ഥാനാർഥികൾ നിശ്ശബ്ദപ്രചാരണത്തിലായിരിക്കും.
ഡിസംബർ ഒൻപതിനാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് നടക്കുന്ന നാലു മണ്ഡലങ്ങൾ ബെംഗളൂരുവിലാണ്. സുരക്ഷയുടെ ഭാഗമായി നഗരത്തിൽ മൂന്നുദിവസത്തേക്ക് മദ്യശാലകൾ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കുമെന്ന് കോൺഗ്രസും ബി.ജെ.പി.യും അവകാശപ്പെട്ടു. മഹാരാഷ്ട്ര, ഹരിയാണ തിരഞ്ഞെടുപ്പുകളിൽ കൂറുമാറിയവർക്ക് തിരിച്ചടിയുണ്ടായത് കർണാടകത്തിലും ആവർത്തിക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
ബി.ജെ.പി. നടത്തിയ നാലു സ്വകാര്യ സർവേകളിൽ ഒൻപതുമുതൽ 13 വരെ സീറ്റുകൾ കിട്ടുമെന്നാണ് കണ്ടെത്തിയത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ പിന്നാക്കംപോയെങ്കിലും ബി.എസ്. യെദ്യൂരപ്പ പ്രചാരണത്തിൽ സജീവമായത് നേട്ടമാകുമെന്നാണ് സർവേ പ്രവചിക്കുന്നത്.
ബി.ജെ.പി. സ്ഥാനാർഥികളായ കോൺഗ്രസ്-ജെ.ഡി.എസ്. വിമതരെ ഭാവിമന്ത്രിമാരായാണ് യെദ്യൂരപ്പ വിശേഷിപ്പിച്ചത്. 15 സീറ്റിലും വിജയിക്കുമെന്നും സർക്കാരിനെ നിലനിർത്താൻ ജെ.ഡി.എസിന്റെ പിന്തുണ ആവശ്യമില്ലെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു.
തിരഞ്ഞെടുപ്പുഫലത്തിനുശേഷം ബി.ജെ.പി. സർക്കാരിന് രാജിവെക്കേണ്ടിവരുമെന്നും കൂടുതൽ സീറ്റിൽ കോൺഗ്രസ് വിജയിക്കുമെന്നും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ അവകാശപ്പെട്ടു.
മുഖ്യമന്ത്രിപദത്തിൽ ബി.എസ്. യെദ്യൂരപ്പയുടെ ഭാവി തിരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ചായിരിക്കും. കോൺഗ്രസും ബി.ജെ.പി.യും മത്സരിച്ചാണ് പ്രചാരണം നടത്തിയത്. കോൺഗ്രസ്-ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. സ്ഥാനാർഥിയാക്കിയത്. പല മണ്ഡലങ്ങളിലും കൂറുമാറിയെത്തിയ സ്ഥാനാർഥികൾക്ക് ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടിവന്നു. മൂന്നുമണ്ഡലങ്ങളിൽ ബി.ജെ.പി.യ്ക്ക് വിമതരുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിൽ 12 എണ്ണം കോൺഗ്രസിന്റെയും മൂന്നെണ്ണം ജെ.ഡി.എസിന്റെയും സിറ്റിങ് സീറ്റുകളാണ്. കുറഞ്ഞത് ആറെണ്ണത്തിൽ വിജയിക്കാനായില്ലെങ്കിൽ യെദ്യൂരപ്പയ്ക്ക് രാജിവെക്കേണ്ടിവരും. അതിനാൽ സർവസന്നാഹവും ഉപയോഗിച്ചാണ് ബി.ജെ.പി. പ്രചാരണത്തിനിറങ്ങിയത്.
കേന്ദ്ര-സംസ്ഥാന മന്ത്രിമാർ മുഴുവൻസമയവും പ്രചാരണത്തിനെത്തി. ജാതീയതയും നേതാക്കളുടെ കൂറുമാറ്റവുമാണ് പ്രചാരണത്തിൽ കൂടുതലായും ചർച്ചയായത്. ദേശീയനേതാക്കളൊന്നും പ്രചാരണത്തിനെത്തിയില്ല. സംസ്ഥാനനേതാക്കൾതന്നെയാണ് നേതൃത്വം നൽകിയത്.
വോട്ടർമാർക്ക് പണവും സമ്മാനങ്ങളും വിതരണംചെയ്തതായി വ്യാപക പരാതിയും ഉയർന്നു. പണമടക്കം 10 കോടി രൂപ വിലമതിക്കുന്ന സാധനങ്ങളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. 37,82,681 പേരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. 4185 പോളിങ് സ്റ്റേഷനുകളിലായി 42,500 പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
Content Highlights: Karnataka By election