ബെംഗളൂരു: കർണാടക ഉപതിരഞ്ഞെടുപ്പ് ബി.ജെ.പി. സർക്കാരിന്റെ ഭാവി തീരുമാനിക്കുന്നതിൽ നിർണായകമാകും. കോൺഗ്രസിന്റെയും ജെ.ഡി.എസിന്റേയും സിറ്റിങ് സീറ്റുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ വീഴും. കോൺഗ്രസ്‌-ജെ.ഡി.എസ്. സഖ്യ സർക്കാരിനുള്ള പിന്തുണപിൻവലിച്ച് രാജിവെച്ച 17 എം.എൽ. എ.മാരെയാണ് അയോഗ്യരാക്കിയത്. ഇതിൽ 15 മണ്ഡലങ്ങളിലേക്കാണ് ഒക്‌ടോബർ 21-ന് ഉപതിരഞ്ഞെടുപ്പ്. രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അയോഗ്യരാക്കപ്പെട്ട കോൺഗ്രസ്- ജെ.ഡി.എസ്. വിമതരും ആശങ്കയിലാണ്. സ്പീക്കർ അയോഗ്യരാക്കിയ നടപടിക്കെതിരെ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് വിമതർക്ക് തിരിച്ചടിയായി. ഹർജിയിൽ തീരുമാനമാകുന്നത് വരെ ഇവർക്ക് മത്സരിക്കാനാകില്ല. സ്പീക്കറുടെ നടപടിയിൽ സുപ്രീം കോടതിയിൽനിന്ന് സ്റ്റേ നേടാനാണ് വിമതരുടെ നീക്കം. കോടതിതീരുമാനം വൈകിയാൽ വിമതർ നിർദേശിക്കുന്നവരെ ബി. ജെ.പി.ക്ക് സ്ഥാനാർഥിയാക്കേണ്ടി വരും.

പ്രതിസന്ധി മുന്നിൽക്കണ്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടനെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അയോഗ്യരാക്കിയവരുമായി കൂടിക്കാഴ്ച നടത്തി. മത്സരിക്കാൻ കഴിയാത്തതിലുള്ള അമർഷം വിമതനേതാക്കൾ യെദ്യൂരപ്പയെ അറിയിച്ചു. തങ്ങളെ വഞ്ചിച്ചെന്നാണ് പലരും അഭിപ്രായപ്പെട്ടതെന്നാണ് സൂചന.

എന്നാൽ കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യം തകർന്നത് ബി.ജെ.പി.ക്ക് ആശ്വാസമായേക്കും. 224 അംഗങ്ങളുള്ള നിയമസഭയിൽ 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പ സർക്കാരിനിപ്പോഴുള്ളത്. സർക്കാരിനെ നിലനിർത്താൻ ബി.ജെ.പി.ക്ക് കുറഞ്ഞത് ഏഴ് മണ്ഡലത്തിൽ ജയിക്കണം.

Content Highlights: Karnataka by election