ബംഗളൂരു: തിരഞ്ഞെടുപ്പുഫലം വന്നതിന്റെ രണ്ടാംദിനം കര്‍ണാടകം സാക്ഷ്യംവഹിച്ചത് അത്യന്തം നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക്. രാവിലെത്തന്നെ കെ.പി.സി.സി. ആസ്ഥാനത്തും ബി.ജെ.പി., ജെ.ഡി.എസ്. ഓഫീസുകളിലും നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകളിലായിരുന്നു. രാവിലെ സ്വതന്ത്ര എം.എല്‍.എ. ശങ്കറെ കൂട്ടി ബി.ജെ.പി. നേതാവ് കെ.എസ്. ഈശ്വരപ്പ യെദ്യൂരപ്പയുടെ ഡോളേഴ്‌സ് കോളനിയിലെ വീട്ടിലെത്തി. ജെ.ഡി.എസ്. എം.എല്‍.എ.മാരെ സമീപിക്കാന്‍ പ്രകാശ് ജാവഡേക്കറും രാവിലെത്തന്നെ നീക്കം തുടങ്ങി.

അതിനിടെ തോല്‍വി അംഗീകരിക്കാന്‍ സോണിയയും രാഹുലും തയ്യാറാകണമെന്നും ഗുലാംനബിയും സിദ്ധരാമയ്യയും ജനവിധി അംഗീകരിക്കണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പരിഹസിച്ചു. രാവിലെ ബി.ജെ.പി. നിയമസഭാകക്ഷി യോഗംചേര്‍ന്ന് ബി.എസ്. യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തു. ഉടനെത്തന്നെ അദ്ദേഹം ഗവര്‍ണറെക്കണ്ട് മന്ത്രിസഭ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യുമെന്ന് യെദ്യൂരപ്പ പത്രക്കാരോട് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

രാവിലെ എട്ടരയ്ക്ക് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം നിശ്ചയിച്ചിരുന്നു. എം.എല്‍.എ.മാര്‍ ഓരോരുത്തരായി എത്തിയെങ്കിലും പന്ത്രണ്ടരയായിട്ടും 74 എം.എല്‍.എ.മാര്‍ മാത്രമാണ് യോഗത്തിനെത്തിയത്. ബി.ജെ.പി.യില്‍നിന്നെത്തി കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എ.യായ നാഗേന്ദ്ര, ആനന്ദ് സിങ് മേത്തി, രാജശേഖര്‍ പാട്ടീല്‍ എന്നിവര്‍ എത്തിയില്ല. എം.എല്‍.എ.മാരുടെ ഒപ്പുകള്‍ സ്വീകരിച്ചശേഷം യോഗം അവസാനിച്ചു. എത്തിച്ചേരാനുള്ള ബുദ്ധിമുട്ടു കാരണമാണ് ബാക്കി എം.എല്‍.എ.മാര്‍ എത്താത്തതെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിശദീകരണം.

അതേസമയം, എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ജെ.ഡി.എസ്. നേതാക്കളും രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ ചര്‍ച്ചചെയ്തു. യോഗത്തിനൊടുവില്‍ കുമാരസ്വാമിയെ നിയമസഭാകക്ഷിനേതാവായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസും ജെ.ഡി.എസും യോഗം ചേര്‍ന്ന് എം.എല്‍.എ.മാരെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. അതിനിടെ, ആര് സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന കാര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടുമെന്ന് അറിയിപ്പുവരുന്നു. ഇതോടെ എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക് നീണ്ടു.

കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യത്തെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വിയുടെ മുന്നറിയിപ്പ്. ഇതിനിടെ ബി.ജെ.പി. നിരന്തരം ക്ഷണിക്കുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ. ടി.ഡി. രാജഗൗഡയുടെ വെളിപ്പെടുത്തല്‍. ഉച്ചയോടെ എം.എല്‍.എ.മാരെ ബിഡദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റി. ജെ.ഡി.എസും കോണ്‍ഗ്രസും എം.എല്‍.എ.മാരുടെ ഒപ്പ് സ്വീകരിച്ചു. വൈകീട്ട് ആറുമണിയോടെ കോണ്‍ഗ്രസ്, ജെ.ഡി.എസ്. നേതാക്കള്‍ ഗവര്‍ണറെക്കണ്ട് സര്‍ക്കാര്‍ രൂപവത്കരണത്തിന് വീണ്ടും അവകാശവാദമുന്നയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി.പരമേശ്വരയും ജെ.ഡി.എസ്. അധ്യക്ഷന്‍ കുമാരസ്വാമിയും ചേര്‍ന്നാണ് ഗവര്‍ണറെ കണ്ടത്.