ബെംഗളൂരു: വിവാദമായ കന്നുകാലി കശാപ്പുനിരോധന-സംരക്ഷണ ബിൽ കർണാടക നിയമനിർമാണ കൗൺസിലിൽ പാസായി. കോൺഗ്രസ്, ജെ.ഡി.എസ്. അംഗങ്ങളുടെ എതിർപ്പിനിടെ ശബ്ദവോട്ടോടെയാണ് ബിൽ പാസായത്. കോൺഗ്രസ് എം.എൽ.സി.മാരായ നസീർ അഹമ്മദ്, എം. നാരായണസ്വാമി, ആർ.ബി. തിമ്മപ്പൂർ എന്നിവർ ബില്ലിന്റെ പകർപ്പ് കീറി പ്രതിഷേധിച്ചു. ഓർഡിനൻസ് ഇറക്കി ഒരുമാസമായപ്പോഴാണ് ബിൽ കൗൺസിലിൽ പാസാക്കിയെടുത്തത്. കഴിഞ്ഞ ഡിസംബറിൽ ബിൽ നിയമസഭയിൽ പാസായിരുന്നു. പശു, പശുക്കിടാവ്, കാള എന്നിവയെയും 13 വയസ്സിൽ താഴെയുള്ള എരുമയെയും പോത്തിനെയും കൊല്ലുന്നത് നിരോധിക്കുന്നതാണ് നിയമം.

ബില്ലിന്മേൽ ദീർഘനേരത്തെ ചർച്ചയ്‌ക്കൊടുവിലാണ് വോട്ടിനിട്ടത്. ചർച്ചയ്ക്കിടെ പ്രതിപക്ഷ അംഗങ്ങൾ ആശങ്കയറിയിച്ചു. ബിൽ വോട്ടിനിട്ട സമയത്ത് ബി.ജെ.പി.യുടെ 28 എം.എൽ.സി.മാരാണ് കൗൺസിലിൽ ഹാജരായിരുന്നത്. കോൺഗ്രസിനും ജെ.ഡി.എസിനും കൂടി ആകെ 31 എം.എൽ.സി.മാർ ഹാജരായിരുന്നു. ബില്ലിനെ അനുകൂലിക്കുന്നവരാണ് കൂടുതലെന്നും അതിനാൽ പാസായതായും ഡെപ്യൂട്ടി ചെയർമാൻ എം.കെ. പ്രാണേഷ് പ്രഖ്യാപിച്ചെങ്കിലും തലയെണ്ണി നോക്കാൻ ആവശ്യപ്പെടുന്നതിൽ കോൺഗ്രസും ജെ.ഡി.എസും പരാജയപ്പെട്ടു. തുടർന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ബില്ലിൽ ചർച്ചയ്ക്കായി കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ബിൽ വോട്ടിനിട്ടപ്പോൾ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്ക് വന്ന് ബില്ലിനെതിരേയും സർക്കാരിനെതിരേയും മുദ്രാവാക്യം മുഴക്കി.

നിയമം ലംഘിക്കുന്നവർക്ക് മൂന്നുവർഷംമുതൽ ഏഴുവർഷംവരെ തടവും അരലക്ഷം രൂപമുതൽ പത്തുലക്ഷം രൂപവരെ പിഴയും ലഭിക്കും. കശാപ്പിനായി കന്നുകാലികളെ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതായി സംശയമുയർന്നാൽ പോലീസിന് പരിശോധിക്കാനും അവയെ പിടിച്ചെടുക്കാനും നിയമം അധികാരം നൽകുന്നു.

Content Highlights: Karnataka anti-slaughter bill