ന്യൂഡൽഹി: കര്‍ണാടകത്തില്‍ സ്​പീക്കര്‍സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയായി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയുമായി നിയുക്ത മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. തിങ്കളാഴ്ച വൈകീട്ട് ജന്‍പഥിലെ വസതിയിലെത്തിയാണ് കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്.

ഉപമുഖ്യമന്ത്രിപദവും കൂടുതല്‍ മന്ത്രിസ്ഥാനങ്ങളും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങളില്‍ വിശദചര്‍ച്ച തിങ്കളാഴ്ച നടന്നില്ല. ഇക്കാര്യങ്ങളില്‍ കര്‍ണാടകയില്‍ ചര്‍ച്ചനടത്തി അന്തിമതീരുമാനമെടുക്കും. ചൊവ്വാഴ്ച ചര്‍ച്ച നടന്നേക്കും. കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോവാന്‍ ഇരുപാര്‍ട്ടികളിലെയും സംസ്ഥാനനേതാക്കള്‍ ഉള്‍പ്പെടുന്ന ഏകോപനസമിതി രൂപവത്കരിക്കും.

ജെ.ഡി.എസിനെക്കാള്‍ സീറ്റുകൂടുതല്‍ ലഭിച്ചിട്ടും മുഖ്യമന്ത്രിപദം വാഗ്ദാനംചെയ്തതില്‍ എച്ച്.ഡി. കുമാരസ്വാമി സോണിയയോടും രാഹുലിനോടും പ്രത്യേകം നന്ദി അറിയിച്ചു. സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ഇരുവരും സ്വീകരിച്ചു. കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി., ജെ.ഡി.എസ്. നേതാവ് ഡാനിഷ് അലി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഇപ്പോഴുള്ളത് താത്കാലിക സഖ്യമായിരിക്കില്ലെന്ന് ചര്‍ച്ചയില്‍ രണ്ടുപാര്‍ട്ടികളിലെയും നേതാക്കള്‍ തീരുമാനിച്ചു. ബി.ജെ.പി.വിരുദ്ധമുന്നണിയില്‍ ഒറ്റക്കെട്ടായി നില്‍ക്കും. ചെറിയ കാര്യങ്ങളിലുള്ള തര്‍ക്കങ്ങളെല്ലാം പരിഹരിച്ച് സഖ്യം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവും. പഴയകാല പ്രശ്‌നങ്ങളെല്ലാം ഇരുകൂട്ടരും മറന്ന് യോജിപ്പോടെ മുന്നോട്ടുനീങ്ങാനും ധാരണയായി. ചര്‍ച്ചകള്‍ക്കുശേഷം കുമാരസ്വാമി രാത്രിതന്നെ ബെംഗളൂരുവിലേക്ക് മടങ്ങി.