മൈസൂരു: ഗുണ്ടല്‍പേട്ട ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി യു.ടി. ഖാദറിന്റെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായി പരാതി. വാഹനത്തില്‍ പ്രചാരണം നടത്തുന്നതിനിടയില്‍ ഡ്രൈവര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് സ്വകാര്യ ടി.വി. ചാനല്‍ പുറത്തുവിട്ടതോടെ പ്രതിഷേധവുമായി ബി.ജെ.പി. രംഗത്തെത്തി. ബി.ജെ.പി. സ്ഥാനാര്‍ഥി വി. ശ്രീനിവാസപ്രസാദ് വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി.

ഖാദറിന്റെ നിര്‍ദേശപ്രകാരം മണ്ഡലത്തിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍വെച്ച് അദ്ദേഹത്തിന്റെ ഡ്രൈവര്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന് വരണാധികാരിയായ നളിന്‍ അതുലിന് ലഭിച്ച പരാതിയില്‍ പറയുന്നു. പണം കൈമാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഖാദറിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. കോണ്‍ഗ്രസ് വന്‍തോതില്‍ പണമെറിഞ്ഞ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. പ്രചാരണത്തില്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പി. എം.എല്‍.എ.മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

നഞ്ചന്‍കോടിലെ സ്ഥാനാര്‍ഥിയായ വി. ശ്രീനിവാസപ്രസാദ് പ്രചാരണത്തിനിടെ സ്ത്രീയ്ക്ക് നൂറുരൂപയുടെ ഏതാനും നോട്ടുകള്‍ നല്‍കിയെന്നും വരണാധികാരിയായ മൈസൂരു കോര്‍പറേഷന്‍ കമ്മിഷണര്‍ ജി. ജഗദീഷയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച മണ്ഡലത്തിലെ ദേവരസനഹള്ളിയില്‍ പ്രചാരണം നടത്തവേയാണ് പ്രസാദ് പണം നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രസാദിനോട് വരണാധികാരിയായ ജഗദീഷ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.