ന്യൂഡൽഹി: ഹരിയാണയിലെ കർണാലിൽ കർഷകരുടെ മിനിസെക്രട്ടേറിയറ്റ് വളയൽ തുടരുന്നു. വ്യാഴാഴ്ച ജില്ലാഭരണകൂടവും സംയുക്ത കിസാൻ മോർച്ച നേതാക്കളും തമ്മിൽ ചർച്ചകളൊന്നും നടന്നില്ല. ഇതിനിടെ, കർഷകർക്കെതിരേ കർശനമായി നടപടിയെടുക്കുമെന്ന് ഹരിയാണ ആഭ്യന്തരമന്ത്രി അനിൽ വിജ് പ്രസ്താവിച്ചതിനെ കർഷകനേതാക്കൾ അപലപിച്ചു.

ലാത്തിച്ചാർജിൽ പരിക്കേറ്റുമരിച്ച കർഷകൻ സുശീൽ കാജലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ അധികൃതർ തയ്യാറായില്ലെന്ന് കിസാൻസഭ കുറ്റപ്പെടുത്തി. ഇതിനു കാജലിന്റെ കുടുംബത്തെ കുറ്റപ്പെടുത്തുകയാണ് ഹരിയാണ സർക്കാർ. പോസ്റ്റ്‌മോർട്ടം നടത്താനുള്ള ഉത്തരവാദിത്വം കുടുംബത്തിന്റേതല്ല. ലാത്തിച്ചാർജിൽ തലയ്ക്കും നട്ടെല്ലിനുമൊക്കെ ഗുരുതരമായി പരിക്കേറ്റ് നീലിച്ച നിലയിലായിരുന്നു കാജലിന്റെ മൃതദേഹം. ഇപ്പോൾ വെർച്വൽ പോസ്റ്റ്‌മോർട്ടം നടത്താൻ വ്യവസ്ഥയുണ്ടെന്നിരിക്കേ അതിനുപോലും ഹരിയാണ സർക്കാർ തുനിയുന്നില്ലെന്നു കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് ആരോപിച്ചു.

ആയുഷ് സിൻഹയെ സസ്‌പെൻഡു ചെയ്യാനോ കൊലക്കുറ്റം ചുമത്തി കേസെടുക്കാനോ തയ്യാറല്ലെന്ന ഉറച്ചനിലപാടിലാണ് ജില്ലാഭരണകൂടം. ഇതിനെത്തുടർന്ന്, കഴിഞ്ഞ മൂന്നുചർച്ചകളും പരാജയപ്പെടുകയായിരുന്നു. കർഷകരുടെ തല തല്ലിപ്പൊളിക്കാൻ നിർദേശിച്ച ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണ് സർക്കാരെന്ന് കിസാൻ മോർച്ച നേതാക്കൾ ആരോപിച്ചു. ഇതോടെ, ആരുടെ നിർദേശമനുസരിച്ചാണ് ഉദ്യോഗസ്ഥൻ ലാത്തിച്ചാർജിനു മുൻകൈയെടുത്തതെന്നു വ്യക്തമായെന്നും നേതാക്കൾ പറഞ്ഞു.