ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ഗരീബ് നവാസ് സമാധാനസമ്മേളനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ മുസ്‌ലിം പണ്ഡിതർ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചു. സുന്നി-സൂഫി ധാരയിലെ വ്യത്യസ്ത മദ്ഹബുകളിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ മുസ്‌ലിം ജനതകളുടെ പരമോന്നത നേതാവായി അദ്ദേഹത്തെ അംഗീകരിക്കുന്നതാണ് പ്രഖ്യാപനം. ദക്ഷിണേന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ ഈ പദവിയിലെത്തുന്നത്.

കാന്തപുരത്തെ ഗ്രാൻഡ് മുഫ്തിയാക്കിയുള്ള പണ്ഡിതരുടെ പ്രഖ്യാപനം രാംലീല മൈതാനിയിലെത്തിയ വിശ്വാസികൾ തക്ബീർ വിളികളോടെയാണ് സ്വീകരിച്ചത്. രാജ്യത്തെ സുന്നി മുസ്‍ലിങ്ങൾ ഏകീകൃത പ്ലാറ്റ്ഫോമിലേക്ക് കടന്നുവരണമെന്ന് കാന്തപുരം സമ്മേളനത്തിൽ ആഹ്വാനം ചെയ്തു. ഇന്ത്യയിലെ സുന്നി മുസ്‍ലിങ്ങൾ വ്യത്യസ്ത ചിന്താധാരകൾ പിന്തുടരുന്നവരാണെങ്കിലും വിശ്വാസപരമായി സമാനധാരയിലുള്ളവരാണെന്ന് കാന്തപുരം പറഞ്ഞു.

ഉത്തരേന്ത്യയിലെ പ്രമുഖ സൂഫി പണ്ഡിതൻ ഹസറത്ത് മന്നാൻ ഖാൻ രസ്വി ബറേലിയെയും കാന്തപുരത്തെയും പണ്ഡിതർ ഷാൾ അണിയിച്ച് ആദരിച്ചു. ഡോ. അമീൻ മിയ ബറക്കാത്തി, മുഈനെ മില്ലത്ത് സയ്യിദ് മുഈനുദ്ദീൻ ജീലാനി, മുഹമ്മദ് അശ്ഫാഖ് ഹുസൈൻ മിസ്ബാഹി, സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി, മുഫ്തി മുകറം അഹ്മദ്, ഹസ്റത്ത് മന്നാൻ റാസ ബറേൽവി, ഹസ്റത്ത് ബാബർ മിയ, ജാവേഗ് നഖ്ശബന്ധി, ശിഹാബുദ്ദീൻ റസ്‌വി ബറേൽവി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: Kanthapuram Abubakkar Musliar selected as Grand mufty