കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ എം.എ. ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മൂന്നാംസെമസ്റ്റര്‍ പാഠ്യപദ്ധതിയിലെ വിവാദമായ ചിലത് പിന്‍വലിക്കാനും ചിലത് കൂട്ടിച്ചേര്‍ക്കാനും ശുപാര്‍ശ. കേരള സര്‍വകലാശാല മുന്‍ പ്രൊ വൈസ്ചാന്‍സലറും പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയുമായിരുന്ന ഡോ. ജെ.പ്രഭാഷ്, കാലിക്കറ്റ് സര്‍വകലാശാലയിലെ പൊളിറ്റിക്‌സ് വിഭാഗം മുന്‍ പ്രൊഫസര്‍ ഡോ. കെ.എസ്.പവിത്രന്‍ എന്നിവര്‍ വിദഗ്ധ അംഗങ്ങളും കണ്ണൂര്‍ സര്‍വകലാശാല പി.വി.സി. ഡോ. എ.സാബു കണ്‍വീനറുമായ സമിതിയാണ് പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാഠ്യപദ്ധതി തയ്യാറാക്കിയതില്‍ പാളിച്ചയുണ്ടായിട്ടുണ്ടെന്ന് സമിതി വിലയിരുത്തി. റിപ്പോര്‍ട്ട് പൊളിറ്റിക്‌സ് ബോഡ് ഓഫ് സ്റ്റഡീസ് പരിശോധിച്ചശേഷം, അന്തിമ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന പുതിയ കോഴ്സ് ഏര്‍പ്പെടുത്തിയപ്പോള്‍ പാഠ്യപദ്ധതിയില്‍ ഗവേണന്‍സ് വിഭാഗത്തിനു പ്രാധാന്യം നല്‍കിയില്ലെന്ന് വിദഗ്ധസമിതി അഭിപ്രായപ്പെട്ടതായാണ് സൂചന. ഇതുകാരണം പാഠ്യപദ്ധതി അപക്വമായി. തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്‌സ് വിഭാഗത്തില്‍ ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പം മറ്റ് ആശയങ്ങള്‍ക്കും പ്രാമുഖ്യം ലഭിച്ചില്ലെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നും സമിതി വിലയിരുത്തി. പുതുതലമുറ കോഴ്സ് തുടങ്ങുമ്പോള്‍ ചര്‍ച്ചയിലൂടെ പാഠ്യപദ്ധതി രൂപപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യേണ്ടതായിരുന്നു. സിലബസ് പുതുക്കുമ്പോള്‍ ഇതില്‍ ആവശ്യമായ മാറ്റം വരുത്തണം.

അതേസമയം കാവിവത്കരണം എന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നാണ് സമിതിയുടെ നിരീക്ഷണം. സവര്‍ക്കറുടെയും മറ്റും തത്ത്വങ്ങള്‍ കേരളത്തിലെ മറ്റു സര്‍വകലാശാലകളില്‍ ദീര്‍ഘകാലമായി പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ചിന്തയിലെയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലെയും ബഹുസ്വരത പ്രകടിപ്പിക്കുന്ന തലത്തില്‍ പാഠ്യപദ്ധതി സന്തുലിതമാക്കണമെന്ന് സമിതി അഭിപ്രായപ്പെട്ടു.

ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പി.ജി. കോഴ്സ് സംസ്ഥാനത്ത് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മാത്രമേയുള്ളു. തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിന്റെ രണ്ടാം യൂണിറ്റില്‍ ഹിന്ദുത്വ ആശയങ്ങളെക്കുറിച്ചുള്ള ഭാഗത്ത് വി.ഡി.സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ദീന്‍ദയാല്‍ ഉപാധ്യായ, ബല്‍രാജ് മഥോക്ക് എന്നിവരുടെ പുസ്തകങ്ങളിലെ ഭാഗം ഉള്‍പ്പെടുത്തിയതിനാലാണ് ആക്ഷേപമുയര്‍ന്നത്.