ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയെയും ഉച്ചവിരുന്നിനെയും പരിഹസിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍. സി.പി.എം., ബി.ജെ.പി.ക്കു നല്‍കിയ സംഭാവനയാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെവരെ ഇടതുപക്ഷത്തിന്റെ എം.എല്‍.എ.യായിരുന്നു അല്‍ഫോന്‍സ് കണ്ണന്താനം. ബി.ജെ.പി. ദത്തെടുത്തു മന്ത്രിയാക്കിയ കണ്ണന്താനത്തിന് മുഖ്യമന്ത്രി നല്‍കിയ സ്‌നേഹവും വിരുന്നും കാണുമ്പോള്‍ ബി.ജെ.പി. പഴയ സി.പി.എമ്മുകാരനു നല്‍കിയ അംഗീകാരമാണോയെന്ന് സംശയിക്കുന്നു. ബി.ജെ.പി.യിലേക്ക് ഇതുപോലെ ഇനിയും ആളുകളെ സി.പി.എം. റിക്രൂട്ടു ചെയ്യുമോയെന്നും ഹസന്‍ ചോദിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥകാരണം സംസ്ഥാനത്ത് ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമായിരുന്നു. വന്‍തോതിലുള്ള മദ്യവില്‍പ്പനയാണ് സര്‍ക്കാരിന് ഓണക്കാലത്ത് എടുത്തുപറയാനുള്ള നേട്ടം. മദ്യം സുലഭമായി ഒഴുക്കിയതല്ലാതെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങളെ രക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ ഒന്നും െചയ്തില്ല. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അഞ്ചുകിലോ ധാന്യവും പഞ്ചസാരയും നല്‍കുമെന്നു പറഞ്ഞ ഇടതുസര്‍ക്കാരിന് വാഗ്ദാനം പാലിക്കാനായില്ല. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് എല്ലാ ബി.പി.എല്‍. കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ കിറ്റ് നല്‍കിയിരുന്നുവെന്നും ഹസന്‍ പറഞ്ഞു.