മുംബൈ: അഭിപ്രായസ്വാതന്ത്ര്യ നിഷേധത്തിൽ പ്രതിഷേധിച്ച് ഐ.എ.എസ്. ഉപേക്ഷിച്ച കണ്ണൻ ഗോപിനാഥന് പുണെയിലെ സാവിത്രി ഫുലേ സർവകലാശാലയുടെ ലൈബ്രറിയിൽ പ്രവേശനം നിഷേധിച്ചു. ‘ഇതിനെ പുതിയ അനുഭവങ്ങളുടെ കൂട്ടത്തിൽപ്പെടുത്തുന്നു’ എന്നായിരുന്നു കണ്ണൻ ഗോപിനാഥന്റെ പ്രതികരണം. പ്രഭാഷണം നടത്താനായി പുണെയിലെത്തിയ കണ്ണൻ ഗോപിനാഥനെ അനൗപചാരിക സംവാദത്തിനായി വിദ്യാർഥികൾ തിങ്കളാഴ്ച സാവിത്രി ഫുലേ പുണെ യൂണിവേഴ്‌സിറ്റിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

സിവിൽ സർവീസിൽ താത്പര്യമുള്ള വിദ്യാർഥികൾ പലരുമുണ്ടെന്നും ലൈബ്രറിയിൽ അവരുമായി സംസാരിക്കണമെന്നും അവർ അഭ്യർഥിച്ചു. ഇതനുസരിച്ച് സർവകലാശാലയുടെ ലൈബ്രറിയായ ജയകർ നോളജ് റിസോഴ്‌സ് സെന്ററിൽ എത്തിയപ്പോഴാണ് പ്രവേശനം നിഷേധിച്ചത്. കണ്ണൻ ഗോപിനാഥൻ സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് ലൈബ്രറിയുടെ ചുമതലയുള്ള അപർണാ രാജേന്ദ്ര തടഞ്ഞതെന്ന് വിദ്യാർഥികൾ പറയുന്നു.

ലൈബ്രറി സന്ദർശിക്കണമെങ്കിൽ രേഖാമൂലം അപേക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ക്ഷുഭിതരായ വിദ്യാർഥികൾ അവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ലൈബ്രറി സന്ദർശനം ഉപേക്ഷിച്ച കണ്ണൻ ഗോപിനാഥൻ പിന്നീട് യൂണിവേഴ്‌സിറ്റി കാന്റീനിൽവെച്ച് വിദ്യാർഥികളുമായി സംസാരിച്ചു. കണ്ണൻ ഗോപിനാഥനെ ലൈബ്രറി സന്ദർശിക്കുന്നതിൽനിന്ന് വിലക്കിയിട്ടില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാൻ നിർദേശിച്ചതേയുള്ളൂ എന്നും ലൈബ്രറിയുടെ ചുമതലയുള്ള അപർണാ രാജേന്ദ്ര പറഞ്ഞു.

ഔദ്യോഗിക സന്ദർശനത്തിന് വരുന്നവർ രജിസ്ട്രാറുടെ കത്ത് കൊണ്ടുവരണമെന്നും അനൗപചാരിക സന്ദർശനം നടത്തുന്നവർ സ്വന്തമായി അപേക്ഷ നൽകണമെന്നുമാണ് ചട്ടം. ഇക്കാര്യം പറഞ്ഞപ്പോൾ വിദ്യാർഥികൾ ക്ഷോഭിക്കുകയായിരുന്നെന്നും കണ്ണൻ ഗോപിനാഥൻ അക്ഷോഭ്യനായിരുന്നെന്നും അവർ പറഞ്ഞു. പിടിച്ചുപുറത്താക്കപ്പെടുന്നത് സുഖമുള്ള കാര്യമല്ലെന്നും ഇതിനെ പുതിയ അനുഭവങ്ങളുടെ കൂട്ടത്തിൽപ്പെടുത്തുകയാണെന്നും കണ്ണൻ ഗോപിനാഥൻ പിന്നീട് ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. പുണെ സർവകലാശാലയിലെ വിദ്യാർഥികളുമായി സംസാരിക്കാൻ വീണ്ടും എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

content highlights: kannan gopinathan denied entry in Pune University library