മുംബൈ: കവി ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിന്റെ വാദത്തിന് കോടതിയിൽ ഹാജരായ നടി കങ്കണ  റണാവത്  കേസ് മറ്റേതെങ്കിലും ജഡ്ജിക്ക്‌ കൈമാറണം എന്നാവശ്യപ്പെട്ട് ഹർജി നൽകി. ജാവേദ് അക്തർ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് മറ്റൊരു ഹർജിയും കങ്കണ നൽകിയിട്ടുണ്ട്.

തിങ്കളാഴ്ചത്തെ വിചാരണയ്ക്ക് ഹാജരായില്ലെങ്കിൽ വാറന്റ് പുറപ്പെടുവിക്കുമെന്ന് അന്ധേരി മെട്രോപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് ആർ.ആർ. ഖാൻ കഴിഞ്ഞയാഴ്ച കങ്കണയ്ക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ഇതനുസരിച്ചാണ് സുരക്ഷാ ഭടൻമാരുടെ അകമ്പടിയോടെ കങ്കണ കോടതിയിലെത്തിയത്. പരാതിക്കാരനായ ജാവേദ് അക്തറും കോടതിയിലുണ്ടായിരുന്നു.

കേസിന്റെ വാദത്തിന് കങ്കണ സ്ഥിരമായി കോടതിയിൽ എത്തണമെന്ന് നിർബന്ധമില്ലെന്നിരിക്കേ ഹാജരായില്ലെങ്കിൽ വാറന്റ് പുറപ്പെടുവിക്കുമെന്ന് മജിസ്‌ട്രേറ്റ് മുന്നറിയിപ്പു നൽകിയത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് കങ്കണയുടെ അഭിഭാഷകൻ റിസ്വാൻ സിദ്ദിഖി കോടതിയിൽ പറഞ്ഞു. ഈ കോടതിയിലുള്ള വിശ്വാസം കങ്കണയ്ക്ക് നഷ്ടപ്പെട്ടതായും മറ്റൊരു ജഡ്ജിയുടെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ഈ ആവശ്യമുന്നയിച്ച് ചീഫ് മെട്രോപ്പൊളിറ്റൻ മജിസ്‌ട്രേസ്റ്റിന് കങ്കണ ഹർജി നൽകുകയുംചെയ്തു.

ജാവേദ് അക്തർ കങ്കണയെ ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും കാണിച്ച് മറ്റൊരു പരാതിയും കങ്കണ നൽകിയിട്ടുണ്ട്. തന്റെ പേരിൽ കോടതിയിൽ കേസ്‌ നിലവിലിരിക്കേ നേരിട്ടുവിളിച്ച് ഭീഷണിപ്പെടുത്താൻ അദ്ദേഹത്തിന് അവകാശമില്ലെന്ന് ഹർജിയിൽ പറയുന്നു. ഭീഷണി മുഴക്കിയിട്ട് കുറച്ചായെങ്കിലും അദ്ദേഹത്തിന്റെ പ്രായം മാനിച്ചാണ് ഇതുവരെ കേസ്‌ കൊടുക്കാതിരുന്നതെന്ന് കങ്കണയുടെ അഭിഭാഷകൻ പറഞ്ഞു. മാനനഷ്ടക്കേസിന്റെ വാദം നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ ഹർജികളെന്ന് അക്തറിന്റെ അഭിഭാഷകരായ ജയ് ഭരദ്വാജും പ്രിയ അറോറയും വാദിച്ചു.

ജാവേദ് അക്തർ നൽകിയ മാനഷ്ടക്കേസിന്റെ വാദം നവംബർ 15-ലേക്ക് മാറ്റിവെച്ചു. കങ്കണ നൽകിയ രണ്ട് ഹർജികൾ ഒക്ടോബർ ഒന്നിന് പരിഗണിക്കും. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ദേശീയ ടെലിവിഷൻ ചാനലുകൾക്കനുവദിച്ച അഭിമുഖത്തിൽ കങ്കണ റണൗട്ട് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചുവെന്നും അത് തന്നെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നെന്നും കാണിച്ചാണ് ജാവേദ് അക്തർ ഈവർഷമാദ്യം അന്ധേരി മെട്രോപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കങ്കണ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.