ചെന്നൈ: പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് കമൽഹാസനും രജനീകാന്തിനും ക്ഷണം. എന്നാൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇരുവരും തീരുമാനമെടുത്തിട്ടില്ല.

ഇനിയും പാർട്ടിപ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ആത്മീയരാഷ്ട്രീയമാണ് വഴിയെന്ന് ആരംഭത്തിൽത്തന്നെ രജനി പറഞ്ഞിട്ടുണ്ട്. അടുത്ത തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രജനി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രജനിയെ എൻ.ഡി.എ. പരിപാടിയിലേക്ക് ക്ഷണിച്ചതെന്നത് ശ്രദ്ധേയമാണ്.

എന്നാൽ പാർട്ടി രൂപവത്‌കരിച്ചുകഴിഞ്ഞ കമൽഹാസൻ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനങ്ങളുന്നയിച്ചായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം. കമലിന്റെ ഗോഡ്‌സേ പരാമർശത്തിനെതിരേ രാജ്യവ്യാപകമായി സംഘപരിവാർ സംഘടനകൾ എതിർപ്പുയർത്തിയിരുന്നു. എന്നാൽ മാപ്പുപറയാനോ പരാമർശം പിൻവലിക്കാനോ തയ്യാറാകാതെ വിവാദനായകനായി നിൽക്കെത്തന്നെയാണ് കമലിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ചടങ്ങിൽ പങ്കെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും അറിയിച്ചു. പാർട്ടി കോ- ഓർഡിനേറ്റർമാരായ ഇരുവരും എൻ.ഡി.എ. സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യെ പ്രതിനിധാനം ചെയ്തുമാണ് പങ്കെടുക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ഏഴിന് രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്.

Content highlights: Kamal Hassan and Rajnikanth will attend Modi's sworn in ceremony