ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ജനവിധിതേടി മക്കൾ നീതിമയ്യം നേതാവ് കമൽഹാസൻ. 2018 ഫെബ്രുവരി 12-ന് പാർട്ടി രൂപവത്കരിച്ച കമലിന്റെ കന്നിയങ്കമാണിത്. പാർട്ടിയുടെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക അദ്ദേഹം വെള്ളിയാഴ്ച പുറത്തിറക്കി. നിയമസഭയിൽ നിലപാടുകൾ ഉയർത്തിക്കാട്ടാനും തന്റെ ശബ്ദം ഉയർന്നുകേൾക്കാനും മണ്ഡലത്തിലെ ജനങ്ങൾ തനിക്ക് വോട്ട് ചെയ്യുമെന്ന് കമൽ പ്രത്യാശപ്രകടിപ്പിച്ചു.

അന്തരിച്ച പിതാവ് ശ്രീനിവാസനെയും അദ്ദേഹം അനുസ്മരിച്ചു. ‘ഞാൻ ഐ.എ.എസ്. ഉദ്യോഗസ്ഥനാകണമെന്നും പിന്നീട് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നും അച്ഛൻ ആഗ്രഹിച്ചിരുന്നു. ഐ.എ.എസ്. നേടി ജനങ്ങളെ സേവിക്കാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് ജ്യേഷ്ഠസഹോദരൻ ചന്ദ്രഹാസനും ആഗ്രഹിച്ചു. അവരുടെ ആഗ്രഹങ്ങൾ എനിക്ക് തിരിച്ചറിയാനായില്ല. പക്ഷെ എന്റെ പാർട്ടിയിൽ ഒട്ടേറെ ഐ.എ.എസ്സുകാരെ ഉൾപ്പെടുത്താൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഇപ്പോൾ ജനങ്ങളെ സേവിക്കാനുള്ള സമയമായെന്ന് ഞാൻ കരുതുന്നു’ - കമൽ പറഞ്ഞു.

കോയമ്പത്തൂർ സൗത്തിൽ ബി.ജെ.പി. യുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികളായിരിക്കും കമലിന്റെ പ്രധാന എതിരാളികൾ. നേരത്തെ ചെന്നൈ ആലന്തൂർ മണ്ഡലത്തിൽ കമൽ മത്സരിക്കുമെന്നായിരുന്നു സൂചന. നടിയും സംവിധായികയുമായ ശ്രീപ്രിയയാണ് മക്കൾ നീതി മയ്യത്തിന്റെ ചെന്നൈ മൈലാപ്പൂരിലെ സ്ഥാനാർഥി. ശ്രീപ്രിയയുടെ പ്രധാന എതിരാളി മുൻ ഡി.ജി.പി.യും എ.ഐ.എ.ഡി.എം.കെ. സിറ്റിങ് എം.എൽ.എ.യുമായ ആർ. നടരാജ് ആണ്.

എ.ഐ.എ.ഡി.എം.കെ.യിൽനിന്ന്‌ കൂടുമാറിയ മുതിർന്ന നേതാവ് പഴ കറുപ്പയ്യ, മലയാളിയായ ഐ.എ.എസുകാരൻ ഡോ.സന്തോഷ് ബാബു തുടങ്ങിയ പ്രമുഖരെ കമൽഹാസൻ കളത്തിലിറക്കിയിട്ടുണ്ട്. മൊത്തം 234-ൽ മക്കൾ നീതിമയ്യം 154 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബാക്കി 80 സീറ്റുകൾ സഖ്യകക്ഷികളായ നടൻ ശരത്കുമാറിന്റെ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷിക്കും ഇന്ത്യ ജനനായക കക്ഷിക്കും നൽകി. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിച്ചു മത്‌സരിച്ച മക്കൾ നീതിമയ്യം നാലുശതമാനം വോട്ടുവിഹിതം നേടിയിരുന്നു. 70 സ്ഥാനാർഥികൾ അടങ്ങുന്ന ആദ്യപട്ടിക ബുധനാഴ്ച കമൽഹാസൻ പുറത്തിറക്കിയിരുന്നു.