ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ നടൻ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പിൽ പിന്തുണ തേടിയാണ് രജനിയെ കമൽ കണ്ടതെന്നാണ് വിവരം. രജനിയെ നേരിട്ട് സന്ദർശിച്ച് പിന്തുണ അഭ്യർഥിക്കുമെന്ന് നേരത്തേ കമൽഹാസൻ അറിയിച്ചിരുന്നു. രജനി രാഷ്ട്രീയപ്പാർട്ടി ആരംഭിച്ചാൽ അദ്ദേഹവുമായി സഖ്യം, അല്ലാത്തപക്ഷം പിന്തുണതേടുക എന്നതായിരുന്നു കമലിന്റെ നയം.

ചെന്നൈയിലെ പോയസ് ഗാർഡനിലുള്ള രജനിയുടെ വസതിയിൽ എത്തിയായിരുന്നു കമലിന്റെ കൂടിക്കാഴ്ച. ഇരുവരുടെയും ചർച്ച മുക്കാൽ മണിക്കൂറോളം നീണ്ടു. രജനിയുടെ ആരോഗ്യ വിവരങ്ങൾ തിരക്കിയ കമൽ തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയസാഹചര്യം അദ്ദേഹവുമായി ചർച്ച ചെയ്യുകയും പിന്തുണ അഭ്യർഥിക്കുകയും ചെയ്തുവെന്നാണ് മക്കൾ നീതി മയ്യം വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം. എന്നാൽ, കമൽ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രജനീകാന്ത് രാഷ്ട്രീയപ്രവേശം ഉപേക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ടവരിൽ ഒരാളാണ് കമൽഹാസൻ. അടുത്ത സുഹൃത്ത് എന്ന നിലയിൽ രജനിയുടെ ജീവിതമാണ് തനിക്ക് വലുതെന്നായിരുന്നു കമൽ ഇതേക്കുറിച്ച് വിശദീകരിച്ചത്. രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ച രജനി പുതിയ സിനിമയുടെ ചിത്രീകരണത്തിനുശേഷം ചെന്നൈയിൽ തിരിച്ചെത്തുമ്പോൾ നേരിൽക്കണ്ട് മക്കൾ നീതി മയ്യത്തിന് പിന്തുണ അഭ്യർഥിക്കുമെന്ന് കമൽ പറഞ്ഞിരുന്നു. എന്നാൽ, ചെന്നൈയിൽ തിരിച്ചെത്തിയതിന് ശേഷവും രജനി വിശ്രമത്തിലായിരുന്നു. കാലിലെ ശസ്ത്രക്രിയയെത്തുടർന്ന് കമലും സജീവമായിരുന്നില്ല.

ഞായറാഴ്ച മക്കൾ നീതി മയ്യത്തിന്റെ മൂന്നാം വാർഷികാഘോഷത്തോടെ വീണ്ടും പ്രചാരണത്തിൽ സജീവമാകാൻ ഒരുങ്ങുന്നതിന് മുന്നോടിയായി കൂടിയാണ് കമൽ, രജനിയെ കാണാനെത്തിയത്. മൂന്നുവർഷം മുമ്പ് പാർട്ടി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പും രജനീകാന്തിനെ സന്ദർശിച്ചിരുന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ് മക്കൾ നീതി മയ്യം.