ചെന്നൈ: ഹിന്ദി പൊതുഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ജല്ലിക്കെട്ട് സമരത്തെക്കാൾ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി. ‘ട്വിറ്ററി’ൽ പുറത്തുവിട്ട ഒന്നരമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് കമൽ ഹിന്ദിവാദത്തെ എതിർത്തത്.

രാജ്യം സ്വതന്ത്രറിപ്പബ്ലിക്കായത് അതതുദേശങ്ങളിലെ ഭാഷയും സംസ്കാരവും സുരക്ഷിതമായിരിക്കുമെന്ന ഉറപ്പോടെയാണ്. ഷായ്ക്കും സുൽത്താനും സാമ്രാട്ടിനുമൊന്നും ആ ഉറപ്പ് ലംഘിക്കാനാകില്ലെന്നും കമൽഹാസൻ പറഞ്ഞു. എല്ലാ ഭാഷയോടും ബഹുമാനമുണ്ട്. പക്ഷേ, ഞങ്ങളുടെ മാതൃഭാഷ തമിഴാണ് -കമൽ പറഞ്ഞു.

ബംഗാളിയിലുള്ള ദേശീയഗാനം അഭിമാനത്തോടെ ആലപിക്കുന്നവരാണ് ഇന്ത്യക്കാർ. എല്ലാ ഭാഷയ്ക്കും സംസ്കാരത്തിനും ബഹുമാനം നൽകി രചിച്ചതിനാലാണ് അത് ദേശീയഗാനമായത്. എല്ലാം ഉൾക്കൊള്ളുന്ന ഇന്ത്യയെ അടച്ചിട്ട ഇന്ത്യയാക്കി മാറ്റരുതെന്നും ഇടുങ്ങിയ ചിന്താഗതികൾ വിപത്തിന് വഴിയൊരുക്കുമെന്നും കമൽഹാസൻ പറഞ്ഞു.

Content Highlights: Kamal Haasan Amit Shah Hindi