ന്യൂഡല്‍ഹി: ബാങ്കിങ് മേഖലയില്‍ വിവിധ സേവനങ്ങള്‍ക്ക് ജനങ്ങളില്‍നിന്ന് അമിതനിരക്കുകള്‍ ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് പ്രൊഫ. കെ.വി. തോമസ് എം.പി. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നോട്ട് പിന്‍വലിക്കലിന്റെ ഗുരുതരപ്രത്യാഘാതങ്ങള്‍ പതിനെട്ടുമാസം കഴിഞ്ഞിട്ടും തുടരുകയാണ്. പല സംസ്ഥാനങ്ങളിലും നോട്ടുക്ഷാമം രൂക്ഷമാണ്. ഒരുമാസത്തില്‍ മൂന്നോ നാലോ പ്രാവശ്യംമാത്രം മറ്റൊരു ചാര്‍ജുമില്ലാതെ നിക്ഷേപിക്കാനും പിന്‍വലിക്കാനുമാണ് അവസരമുള്ളത്. ഇതില്‍ കൂടുതല്‍ ഇടപാടുകള്‍ക്ക് 50 രൂപവീതം ചാര്‍ജ് നല്‍കണം. പൊതുമേഖലയിലെ എസ്.ബി.ഐ. മറ്റ് ബാങ്കുകളുടെ എ.ടി.എം.വഴി മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ 10 മുതല്‍ 20 രൂപ വരെ അധികതുക ഈടാക്കുന്നു.

ഇലക്ട്രോണിക് ട്രാന്‍സ്ഫറുകള്‍ വന്‍ ബാധ്യതയാണ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നത്. നാഷണല്‍ ഇലക്ട്രോണിക് ട്രാന്‍സ്ഫറുകള്‍ക്ക് രണ്ടുമുതല്‍ 25 രൂപ വരെ അധികം ബാങ്കുകള്‍ ഈടാക്കുന്നുണ്ട് -കെ.വി. തോമസ് പറഞ്ഞു.