ന്യൂഡൽഹി: വിവാദങ്ങൾക്കിടെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഡൽഹിയിലെത്തി. രണ്ട് ദിവസം ഡൽഹിയിൽ തങ്ങുന്ന സുരേന്ദ്രൻ കേന്ദ്ര നേതാക്കൾ, കേന്ദ്രമന്ത്രിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. എന്നാൽ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ ചില പാർട്ടി പരിപാടികളുമായി ഡൽഹിയിൽ എത്തിയതാണെന്നും തന്നെ നേതൃത്വം വിളിപ്പിച്ചതല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സി.കെ. ജാനുവിന് പണം നൽകിയെന്ന ആരോപണം കണ്ണൂരിൽ സി.പി.എം. നേതാവ് പി. ജയരാജനും പ്രസീതയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഉണ്ടാക്കിയ സി.പി.എം. ഗൂഢാലോചനയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

തിരഞ്ഞെടുപ്പ് പരാജയം, പണമിടപാട് വിവാദം എന്നീ വിഷയങ്ങളെച്ചൊല്ലി സംസ്ഥാന ബി.ജെ.പി. ആരോപണങ്ങളുടെ നിഴലിൽ നിൽക്കുമ്പോഴാണ് സംസ്ഥാന അധ്യക്ഷൻ ഡൽഹിയിലെത്തിയത്. വിവാദ വിഷയങ്ങളിൽ കേന്ദ്ര നേതൃത്വം വിവിധതലങ്ങളിൽ അന്വേഷണം നടത്തിവരികയാണ്. ഇക്കാര്യത്തിൽ ഔദ്യോഗിക വിഭാഗത്തിന്റെ വിശദീകരണം നൽകാനാണ് സുരേന്ദ്രൻ ഡൽഹിയിൽ എത്തിയിരിക്കുന്നതെന്നാണ് സൂചന. കേന്ദ്രത്തിൽ വി. മുരളീധരന് - കെ. സുരേന്ദ്രൻ പക്ഷത്തോട് അനുഭാവം കാട്ടുന്ന നേതാക്കളെ നേരിൽ കണ്ട് വിശദീകരിക്കാനാണ് ശ്രമം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് മുംബൈയിലായതിനാൽ ബുധനാഴ്ച അദ്ദേഹത്തെ കാണാനായില്ല. കേന്ദ്രമന്ത്രി വി. മുരളീധരനും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.

വിവാദങ്ങൾ മാധ്യമസൃഷ്ടിയാണെന്നും ഡൽഹിയിലേക്കുള്ള തന്റെ വരവിന് ഇത്തരം വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും സുരേന്ദ്രൻ ന്യായീകരിച്ചു. സി.കെ. ജാനുവിന് പണം നൽകിയെന്ന ആരോപണം സി.പി.എം. ഗൂഢാലോചനയാണ്. കണ്ണൂരിൽ സി.പി.എം. നേതാവ് പി. ജയരാജനും പ്രസീതയും കൂടിക്കാഴ്ച നടത്തി ഉണ്ടാക്കിയ ഗൂഢാലോചനയാണിത്. ഇവർ കണ്ണൂരിൽ വെച്ച് കണ്ടതിന് തന്റെ കൈയിൽ വ്യക്തമായ തെളിവുണ്ടെന്നും സുരേന്ദ്രൻ മാതൃഭൂമിയോട് പറഞ്ഞു. ജാനുവിന് പണം കൊടുത്തതതായി പ്രസീത കണ്ടിട്ടില്ല. പണം തന്നതായി ജാനുവും പറഞ്ഞിട്ടില്ല. അപ്പോൾ വെറുതെ ഒരു കേസ് സൃഷ്ടിക്കുകയാണ്. എൻ.ഡി.എ.യുടെ ഘടകക്ഷി നേതാവായ ജാനുവിന് താമസിക്കാൻ ബി.ജെ.പി. മുറി എടുത്തുകൊടുത്തതിൽ എന്ത് തെറ്റാണുള്ളതെന്നും അതിൽ എന്ത് വാർത്താ പ്രാധാന്യമാണുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.

സി.പി.എം. ഉയർത്തുന്ന പണവിവാദത്തെ മുട്ടിൽ മരംമുറി കേസ് ഉയർത്തി പ്രതിരോധിക്കാനും ബി.ജെ.പി. ആലോചിക്കുന്നുണ്ട്. വിഷയത്തിൽ കേന്ദ്ര വനം മന്ത്രാലയത്തെ ഇടപെടുവിക്കാനാണ് ശ്രമം.