ന്യൂഡൽഹി: ഡി.സി.സി. അധ്യക്ഷപ്പട്ടിക വിവിധ തലങ്ങളിൽ ചർച്ച നടത്തിയാണ് തയ്യാറാക്കിയതെന്നും ഇത്തവണ വിമർശനങ്ങൾ കുറവാണെന്നും കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. തങ്ങളുമായി കൂടിയാലോചിച്ചില്ലെന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രണ്ടുപേരുമായും ചർച്ച നടത്തിയിരുന്നു എന്നറിയിച്ച സുധാകരൻ ഉമ്മൻ ചാണ്ടി നിർദേശിച്ച പേരുകളെഴുതിയ ഡയറിയും ഉയർത്തിക്കാട്ടി. ഇത്രയേ വിമർശനം വന്നിട്ടുള്ളൂ എന്നത് തിരിച്ചറിയണം. സാരമായ തെറ്റുണ്ടെങ്കിൽ തിരുത്താം. ‘എന്നാൽ കാണാം നാളെ പൂരം’ എന്നു നേതാക്കന്മാർ പറഞ്ഞതിന് അനുസൃതമായി കേരളത്തിൽ പ്രതികരണമുണ്ടായോ എന്ന് മാധ്യമങ്ങൾ പരിശോധിക്കണം.

ഉമ്മൻ ചാണ്ടിയെപ്പോലൊരാൾ അങ്ങനെ പറഞ്ഞതിൽ വിഷമമുണ്ട്. സാധാരണ രണ്ടു ഗ്രൂപ്പുകളിലെ നേതാക്കൾ മാത്രം ചർച്ച നടത്തിയാണ് തീരുമാനമെടുക്കാറ്. നാലുവർഷം മുല്ലപ്പള്ളി രാമചന്ദ്രന്റെ കീഴിൽ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റായിരുന്ന തന്നോടൊരിക്കൽപ്പോലും ഒരു ചർച്ചയും നടത്തിയിട്ടില്ല. ഉമ്മൻ ചാണ്ടിയോട് പേരെഴുതിയ പട്ടിക നൽകാൻ ആവശ്യപ്പെട്ടു. സതീശനു കൊടുക്കാമെന്നു പറഞ്ഞു. രമേശ് തരുന്നതിനാൽ തരുന്നില്ല എന്നു പിന്നീട് പറഞ്ഞു. അദ്ദേഹവും തന്നില്ല. തിരിച്ചുവന്ന് സംസാരിക്കാം എന്നു പറഞ്ഞിരുന്നു. അത് നടന്നില്ല എന്നതാണ് വാസ്തവം -സുധാകരൻ പറഞ്ഞു.

ചാനലുകളിൽ പറഞ്ഞ കാര്യത്തിൽ സംശയമില്ലാത്തതിനാലാണ് വിശദീകരണം ചോദിക്കാതെ ശിവദാസൻ നായരെയും കെ.പി. അനിൽ കുമാറിനെയും സസ്പെൻഡ് ചെയ്തത്. ഇത് താത്‌കാലിക നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.