ബെംഗളൂരു: കർണാടക പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ മകൾ ഐശ്വര്യയും കഫേ കോഫീഡേ സ്ഥാപകൻ, അന്തരിച്ച വി.ജി. സിദ്ധാർഥയുടെ മകൻ അമർത്യയും തമ്മിലുള്ള വിവാഹനിശ്ചയം ബെംഗളൂരിലെ സ്വകാര്യ ഹോട്ടലിൽ നടന്നു. ഫെബ്രുവരി അവസാനവാരമാണ് വിവാഹം. മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ എസ്.എം. കൃഷ്ണയുടെ കൊച്ചുമകൻകൂടിയാണ് അമർത്യ. വി.ജി. സിദ്ധാർഥയുടെ മരണത്തിനുശേഷം കഫേ കോഫീഡേ സ്ഥാപനങ്ങളുടെ ചുമതല അമർത്യയ്ക്കാണ്.

കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുംമാത്രം പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും പങ്കെടുത്തു. എസ്.എം. കൃഷ്ണയും ഭാര്യ പ്രേമാ കൃഷ്ണയും ചടങ്ങിനെത്തിയിരുന്നു. നേരത്തേ ഐശ്വര്യയും അമർത്യയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങളുയർന്നെങ്കിലും കഴിഞ്ഞ ജൂലായിലാണ് വിവാഹക്കാര്യം ഇരുകുടുംബങ്ങളും സ്ഥിരീകരിച്ചത്.

മുമ്പ് കോൺഗ്രസിലായിരുന്ന എസ്.എം. കൃഷ്ണയെ ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയഗുരുവായാണ് കണക്കാക്കുന്നത്. ഇരുകുടുംബങ്ങളുംതമ്മിൽ ബിസിനസ് ബന്ധങ്ങളുമുണ്ട്.