ജയ്‌പുർ: നിയമസഭാ തിരഞ്ഞെടുപ്പുകളിലും മന്ത്രിസഭാ രൂപവത്കരണത്തിലും പാർട്ടിതാത്പര്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഇപ്പോൾ ചുമതലപ്പെടുത്തുന്നത് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയാണ്. രാജസ്ഥാനിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിരീക്ഷകനായാണ് ഇത്തവണ അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്.

കർണാടകത്തിൽ ബി.ജെ.പി.യെ അധികാരത്തിൽനിന്ന് അകറ്റിനിർത്തുകയെന്ന ദൗത്യം ഫലപ്രദമായി നിറവേറ്റിയതാണ് കെ.സി. വേണുഗോപാലിനെ നേതൃത്വത്തിന്റെ വിശ്വസ്ത പ്രശ്നപരിഹാരകനാക്കിയത്.

കോൺഗ്രസ് കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തിനിൽക്കുന്ന രാജസ്ഥാനിൽ വേണുഗോപാലിനെ നേതൃത്വം ഏൽപ്പിച്ചിരിക്കുന്ന ചുമതല വ്യക്തമാണ് - മന്ത്രിസഭാ രൂപവത്കരണം സുഗമമാക്കുക. മുതിർന്നനേതാവ് അശോക് ഗഹ്‌ലോതിന്റെയും പി.സി.സി. അധ്യക്ഷൻ സച്ചിൻ പൈലറ്റിന്റെയും പേരുകൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരുപോലെ ഉയർന്നുകേൾക്കുന്ന രാജസ്ഥാനിൽ അനായാസമല്ല ഈ ചുമതല. ഇരുവരുമായുമുള്ള വ്യക്തിബന്ധം പരമാവധി ഉപയോഗപ്പെടുത്തി പൊട്ടിത്തെറികൾക്ക്‌ വകനൽകാതെ ഹൈക്കമാൻഡ് താത്പര്യം നടപ്പാക്കുകയാണ് അദ്ദേഹത്തിന്റെ ചുമതല.

ഒന്നും ഒന്നും ചേർന്നാൽ രണ്ടല്ലാത്ത രാഷ്ടീയത്തിൽ ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ കെ.സി. വേണുഗോപാലിന്റെ കണക്കുകൂട്ടലുകൾ അധികം പിഴയ്ക്കാറില്ല. കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയത്തിലെ ‘പെർമ്യൂട്ടേഷനും കോമ്പിനേഷനു’മൊക്കെ അദ്ദേഹത്തിനു നല്ലപോലെ വഴങ്ങും. സൗമ്യമായ പെരുമാറ്റത്തിനും നയചാതുരിക്കുമൊപ്പം കിറുകൃത്യമായ നീക്കങ്ങളിലൂടെ ഏതുസാഹചര്യവും കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുശേഷമുള്ള നാളുകളിൽ നേതൃത്വത്തിന് ബോധ്യമായതാണ്.

ഏറ്റവുംവലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി.ക്ക് അധികാരം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായത് ജനതാദൾ-എസിനെ പിന്തുണച്ചുകൊണ്ടുള്ള കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തിലായിരുന്നു. മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദും അശോക് ഗഹ്‌ലോതുമായിരുന്നു അന്ന് വേണുഗോപാലിനൊപ്പമുണ്ടായിരുന്നത്. അതേ ഗഹ്‌ലോത് കഥാപാത്രമായ ഒരു രാഷ്ട്രീയനീക്കത്തിനായിരിക്കും ബുധനാഴ്ച ജയ്‌പുർ സാക്ഷ്യംവഹിക്കുക.

content highlights: K C Venugopal Five State Assembly Elections