നാലുമാസംമുമ്പ്‌ സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌യുടെ രാജ്യസഭാപ്രവേശത്തെ വിമർശിച്ച് അദ്ദേഹത്തോടൊപ്പം ജോലിചെയ്ത് വിരമിച്ച ജഡ്ജിമാരും രംഗത്ത്. ജസ്റ്റിസ് ഗൊഗോയ്‌ക്കൊപ്പം സുപ്രീംകോടതിയിലെ ‘ശരിയല്ലാത്ത കാര്യങ്ങൾ’ക്കെതിരേ പത്രസമ്മേളനം നടത്തിയ ജസ്റ്റിസുമാർ കുര്യൻ ജോസഫ്, മദൻ ബി. ലോകുർ എന്നിവരാണ് ഈ വിഷയത്തിൽ അദ്ദേഹത്തിനെതിരേ തിരിഞ്ഞത്.

ജസ്റ്റിസ് ഗൊഗോയ് രാജ്യസഭാംഗത്വം സ്വീകരിച്ചത് സാധാരണജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തിന് ഇളക്കംതട്ടിച്ചെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയിൽ വലിയ അദ്‌ഭുതമില്ല, മറിച്ച് അത് ഇത്രയും വേഗം സംഭവിച്ചതാണ് തന്നെ ആശ്ചര്യപ്പെടുത്തുന്നതെന്ന് ജസ്റ്റിസ് ലോകുറും പ്രതികരിച്ചു. ഉപകാരസ്മരണയ്ക്കായി ജസ്റ്റിസ് ഗൊഗോയ്‌ക്ക് എന്തെങ്കിലും പദവി ലഭിക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

2018-ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരേ തങ്ങൾക്കൊപ്പം പത്രസമ്മേളനംനടത്തിയശേഷം രാജ്യത്തോടുള്ള കടമ നിറവേറ്റിയെന്നാണ് ജസ്റ്റിസ് ഗൊഗോയ്‌ പ്രസ്താവനയിറക്കിയതെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ അന്ന് അത്രയും ധൈര്യം കാണിച്ച അദ്ദേഹത്തിന് എങ്ങനെ അതെല്ലാം മറക്കാൻ സാധിക്കുന്നു? നമ്മുടെ രാജ്യം ഇപ്പോഴും ഭരണഘടനാമൂല്യങ്ങളിൽ അടിയുറച്ചുനിൽക്കാൻ കാരണം സ്വതന്ത്രമായ ജുഡീഷ്യൽ സംവിധാനമാണ്. ജഡ്ജിമാരിൽ ഒരുവിഭാഗം പക്ഷപാതപരമായും ഭാവിയിലേക്ക് നോക്കിയുമാണ് പ്രവർത്തിക്കുന്നതെങ്കിൽ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തിന് ഇളക്കംതട്ടും -ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

അയോധ്യ, റഫാൽ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് അനുകൂലമായ വിധിയെഴുതിയ ജസ്റ്റിസ് ഗൊഗോയ്‌ക്ക് അധികംവൈകാതെതന്നെ രാജ്യസഭാംഗത്വം നൽകിയതാണ് വിമർശിക്കപ്പെടുന്നത്. ജഡ്ജിമാർക്ക് വിരമിച്ചശേഷം പദവിനൽകുന്നതിനെ 2012-ൽ ബി.ജെ.പി. നേതാവ് അരുൺ ജെയ്റ്റ്‌ലി എതിർത്തിരുന്നു. രണ്ടുതരം ജഡ്ജിമാരാണുള്ളതെന്നും അതിൽ ഒന്ന് നിയമമറിയുന്നവരും മറ്റൊന്ന് നിയമമന്ത്രിയെ അറിയുന്നവരുമാണെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ അന്നത്തെ പ്രതികരണം. ജഡ്ജിമാരെഴുതിയ വിധികളെ ആശ്രയിച്ചാണ് വിരമിച്ചശേഷമുള്ള അവരുടെ പദവികളെന്നും അദ്ദേഹം അന്ന് കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: Justice Gogoi's Rajya Sabha membership- Opposition to judges