ന്യൂഡല്‍ഹി: നിയമനിര്‍മാണം നിയമനിര്‍മാണസഭകളുടെ ചുമതലയാണെന്നും കോടതികള്‍ അതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ലോക്‌സഭയില്‍ പാര്‍ട്ടിഭേദമെന്യേ എം.പി.മാര്‍. സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള ബില്ലിന്റെ ചര്‍ച്ചയിലാണ്, കോടതികള്‍ അധികാരപരിധി കടക്കുന്നുവെന്ന വിമര്‍ശം എം.പി.മാര്‍ ഉന്നയിച്ചത്. പാര്‍ലമെന്റ് നടപടികള്‍പോലെ കോടതിനടപടികളും തത്സമയം സംപ്രേഷണംചെയ്യണമെന്നും ചില എം.പി.മാര്‍ അഭിപ്രായപ്പെട്ടു.

'എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലെയും എം.പി.മാര്‍ ഒരുമിച്ച് സുപ്രീംകോടതിയെ സമീപിക്കണം. എന്നിട്ട് നിയമമുണ്ടാക്കുന്നത് നിങ്ങളുടെ പണിയല്ലെന്ന് പറയണം' -തൃണമൂല്‍ കോണ്‍ഗ്രസ് അംഗം കല്യാണ്‍ ബാനര്‍ജി പറഞ്ഞു. 'നിയമനിര്‍മാണം പൂര്‍ണമായും പാര്‍ലമെന്റിന് വിട്ടുനല്‍കണം. കോടതികള്‍ നിരന്തരം നിയമനിര്‍മാണത്തില്‍ ഇടപെടുകയാണ്. അവര്‍തന്നെ അത് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ അഞ്ചോ പത്തോ വര്‍ഷത്തിനകം കോടതികളും നിയമനിര്‍മാണസഭകളും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിവരും' -അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമം വ്യാഖ്യാനിക്കുകയാണ്, ഉണ്ടാക്കുകയല്ല കോടതികളുടെ ചുമതലയെന്ന് സഭയെ നിയന്ത്രിച്ച ഡെപ്യൂട്ടി സ്​പീക്കര്‍ തമ്പി ദുരൈയും അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ കൂട്ടായ ജനവിധിയെയാണ് പാര്‍ലമെന്റ് പ്രതിനിധീകരിക്കുന്നതെന്ന് ഇരുവരുടെയും അഭിപ്രായങ്ങളെ പിന്താങ്ങി സംസാരിച്ച തെലുങ്കുദേശം അംഗം പി. രവീന്ദ്രബാബു പറഞ്ഞു. 'നിയമനിര്‍മാണത്തിന് ഭരണഘടനാപരമായി ചുമതലപ്പെട്ട സ്ഥാപനമാണ് പാര്‍ലമെന്റ്. ഇക്കാര്യത്തില്‍ നമ്മള്‍ സുപ്രീംകോടതിക്കും മുകളിലാണ്' -അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ നിയമനത്തിനായി ഓള്‍ ഇന്ത്യാ ജുഡീഷ്യല്‍ സര്‍വീസ് തുടങ്ങണമെന്നും അതോടെ ജഡ്ജിമാരും സിവില്‍ സര്‍വീസ് ചട്ടത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ' ജഡ്ജിമാര്‍ക്കുമാത്രം എന്തിനാണ് നിയമപരിരക്ഷ? തെറ്റായ വിധിയെഴുതുന്ന ജഡ്ജിമാര്‍ അതിന് മറുപടി പറയേണ്ട സ്ഥിതിയുണ്ടാകണം' -പി. രവീന്ദ്രബാബു പറഞ്ഞു.

ജഡ്ജിമാര്‍ കോടതികളില്‍ പെരുമാറുന്നതെങ്ങനെയെന്ന് ജനങ്ങളറിയാന്‍ കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണംചെയ്യണമെന്ന് കല്യാണ്‍ ബാനര്‍ജി പറഞ്ഞു. ' പാര്‍ലമെന്റ് നടപടികള്‍ സംപ്രേക്ഷണം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കോടതിനടപടികള്‍ ആയിക്കൂടാ'. കോടതി വിധികള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ബിജു ജനതാദളിലെ തഥാഗത സത്പതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യത്തിനുള്ള വ്യവസ്ഥയെ 'ജുഗുപ്‌സാവഹം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഈ നിയമം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

ജുഡീഷ്യറിയുടെ സ്വയംഭരണാധികാരം നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ചര്‍ച്ചയ്ക്ക് മറുപടി നല്‍കിയ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു

ബില്‍ ലോക്‌സഭ പാസാക്കി

സുപ്രീംകോടതി- ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്‌സഭ വ്യാഴാഴ്ച പാസാക്കി. ഇനി രാജ്യസഭ കൂടി അംഗീകരിക്കണം .

നിയമം പ്രാബല്യത്തിലാകുന്നതോടെ സുപ്രീംകോടതി ചീഫ്ജസ്റ്റിസിന്റെ ശമ്പളം രണ്ട് ലക്ഷത്തിഎണ്‍പതിനായിരം രൂപയായി വര്‍ധിക്കും. ഇപ്പോഴിത് ഒരു ലക്ഷം രൂപയാണ്. സുപ്രീംകോടി ജഡ്ജിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും ശമ്പളം രണ്ടര ലക്ഷമായി വര്‍ധിക്കും. നിലവില്‍ 90,000 രൂപയാണ് . ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം 80,000-ല്‍ നിന്ന് രണ്ടേകാല്‍ ലക്ഷമായി ഉയരും. ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് ആനുപാതികമായാണ് വര്‍ധന.