ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി ബെംഗളൂരു പ്രത്യേക കോടതി 14 ദിവസത്തേക്കുകൂടി നീട്ടി. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ജനുവരി ആറുവരെ നീട്ടിയത്. ഒക്ടോബർ 29-ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്ത ബിനീഷ് നവംബർ 11 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ബിനീഷിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി ഡിസംബർ 14-ന് തള്ളിയിരുന്നു.

അറസ്റ്റിനെതിരേ കർണാടക ഹൈക്കോടതിയിൽ ബിനീഷ് നൽകിയ ഹർജിയിൽ ഇരുവിഭാഗവും വാദം എഴുതി സമർപ്പിച്ചു. തുടർന്ന് വിധി പറയാനായി മാറ്റി. ബിനീഷിന് വേണ്ടി അഭിഭാഷകൻ രഞ്ജിത്ത് ശങ്കറും ഇ.ഡി.ക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും ഹൈക്കോടതിയിൽ ഹാജരായി. ഇ.ഡി.യുടെ അറസ്റ്റ് നടപടിക്രമം പാലിക്കാതെയാണെന്നാണ് ബിനീഷ് ഹൈക്കോടതിയിൽ വാദിച്ചത്. ഇടക്കാല ജാമ്യത്തിനായി ബിനീഷിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും അറസ്റ്റിനെതിരേ നൽകിയ ഹർജിയിൽ വിധി പറയാനിരിക്കെ ഇടക്കാല ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു.

content highlights: judicial custody of bineesh kodiyeri extended