ന്യൂഡൽഹി: പൗരത്വനിയമഭേദഗതിക്കെതിരേ ഒരുമാസത്തിലേറെയായി സ്ത്രീകൾ ധർണയിരുന്ന്‌ പ്രതിഷേധിക്കുന്ന തെക്കു-കിഴക്കൻ ഡൽഹിയിലെ ഷാഹിൻബാഗിൽ മാധ്യമപ്രവർത്തകന്‌ മർദനമേറ്റു. ന്യൂസ് നേഷൻ ടി.വി. കൺസൾട്ടിങ് എഡിറ്റർ ദീപക് ചൗരസ്യയെയാണ് വെള്ളിയാഴ്ച സമരക്കാർ മർദിച്ചത്. ടെലിവിഷൻ ക്യാമറയും നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി മാധ്യമസംഘടനകളും രംഗത്തെത്തി.

പ്രക്ഷോഭസ്ഥലത്തുവെച്ച് റിപ്പോർട്ടുചെയ്യുന്നതിനിടയിലാണ് ചൗരസ്യയെ മർദിച്ചത്. സമരക്കാർക്ക് ഇഷ്ടമില്ലാത്ത രീതിയിലുള്ള വാക്കുകൾ ഉപയോഗിച്ചുതുടങ്ങിയപ്പോൾ എതിർപ്പുയരുകയും ഒരുകൂട്ടമാളുകൾ കൈയേറ്റംചെയ്യുകയുമായിരുന്നു. ദൃശ്യങ്ങൾ, ചൗരസ്യ പിന്നീട്‌ ട്വിറ്ററിൽ പോസ്റ്റുചെയ്തു. തനിക്കെതിരേ ആൾക്കൂട്ട അതിക്രമമാണ് നടന്നതെന്നും വിമർശിച്ചു.

കൃത്യനിർവഹണത്തിനിടെ മാധ്യമപ്രവർത്തകനെ മർദിച്ചതിൽ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ഫെഡറേഷൻ (എൻ.ബി.എഫ്.) പ്രതിഷേധിച്ചു. മാധ്യമപ്രവർത്തകർക്കുനേരെ തുടർച്ചയായി അക്രമം നടക്കുന്നതിൽ ഫെഡറേഷൻ ആശങ്ക പ്രകടിപ്പിച്ചു. സ്വന്തം അഭിപ്രായങ്ങളോട്‌ യോജിക്കാത്തവരോട്‌ വൈരാഗ്യം പുലർത്തുന്ന രീതിയാണ് ഒരു വിഭാഗം സമരക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഫെഡറേഷൻ പ്രസിഡന്റ് അർണബ് ഗോസ്വാമി കുറ്റപ്പെടുത്തി.

ചൗരസ്യക്കുമാത്രമല്ല, ദൂരദർശൻ റിപ്പോർട്ടർ നിതേന്ദ്ര സിങ്ങിനും ക്യാമറാസംഘത്തിനും ഷാഹിൻബാഗിൽ മർദനമേറ്റതായി ഇന്ത്യൻ വിമൻ പ്രസ് കോർ പ്രസ്താവനയിൽ പറഞ്ഞു. കൃത്യനിർവഹണത്തിനെത്തുന്ന മാധ്യമപ്രവർത്തകരെ ശാരീരികമായി നേരിടുന്ന രീതി ശരിയല്ലെന്നും സംഘടന അഭിപ്രായപ്പെട്ടു. സംഭവത്തിൽ പ്രമുഖ മാധ്യമപ്രവർത്തകരും പ്രതിഷേധിച്ചു.

Content Highlights: journalist attacked in shaheen bagh