സഹാരൻപുർ(യു.പി.): വീടിനടുത്ത് ചാണകംകൊണ്ടിടുന്നതു ചോദ്യംചെയ്ത മാധ്യമപ്രവർത്തകനും സഹോദരനും ഉത്തർപ്രദേശിൽ അയൽവാസിയുടെ വെടിയേറ്റുമരിച്ചു. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്റെ ഫോട്ടോഗ്രാഫർ ആശിഷ് ജൻവാനി (23), സഹോദരൻ അശുതോഷ് (19) എന്നിവരാണ് ‍ഞായറാഴ്ച കൊല്ലപ്പെട്ടത്. അയൽവാസിയായ മഹിപാൽ സെയ്നിയും ഇയാളുടെ മക്കളും ഇവരുടെ വീട്ടിൽക്കയറി വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മഹിപാലിന്റെ ഡെയറിയിൽനിന്നുള്ള ചാണകം ആശിഷിന്റെ വീടിനുസമീപത്ത് ഇടുന്നതിനെച്ചൊല്ലിയുള്ള തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. പ്രതി മഹിപാൽ ഒളിവിൽപ്പോയി. ഇയാളെ കണ്ടെത്തുന്നതിനു പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ചതായി ഡി.ഐ.ജി. ഉപേന്ദ്ര അഗർവാൾ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിനു 10 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

Content Highlights: journalist and his brother shot dead in uttar pradesh