ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ കനയ്യ കുമാറിന്റേതായി പുറത്തുവന്ന പ്രസ്താവന പോലീസ് എഴുതിച്ചതാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. കനയ്യയെ തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യംപറയുന്നത്.

കോടതിവളപ്പില്‍ തന്നെ മര്‍ദിച്ച ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് പോലീസ് സംരക്ഷിക്കുകയായിരുന്നുവെന്ന് കനയ്യകുമാര്‍ കോടതിമുമ്പാകെ എഴുതിത്തയ്യാറാക്കിയ മൊഴിയില്‍ പറഞ്ഞിരുന്നു. പോലീസിനെതിരെ പരാതിയില്ല. ഭരണഘടനയിലും നീതിന്യായവ്യവസ്ഥയിലും പൂര്‍ണ വിശ്വാസമുണ്ട്. രാജ്യദ്രോഹിയാണെന്ന് തെളിവുണ്ടെങ്കില്‍ ശിക്ഷിക്കണം. മാധ്യമവിചാരണയ്ക്ക് വിധേയനാക്കരുതെന്നും കനയ്യയുടെ പ്രസ്താവനയിലുണ്ടായിരുന്നു. പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ഈ പ്രസ്താവന സ്വമേധയാ ഉള്ളതല്ലെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍.

വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും ജെ.എന്‍.യു. അധികൃതര്‍ക്കും ഡല്‍ഹി പോലീസ് കമ്മിഷണര്‍ക്കും കമ്മിഷന്‍ നോട്ടീസയച്ചു. അതിനിടെ, പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ കനയ്യയ്ക്കുനേരേയുണ്ടായ ആക്രമണത്തില്‍ കനയ്യകുമാറിന് ഒന്നിലധികം പരിക്കുകളുണ്ടെന്ന് വൈദ്യപരിശോധയില്‍ വ്യക്തമായി. മൂക്കിലും ഇടതുകാലിലും ഉള്‍പ്പെടെ പ്രകടമായ പരിക്കുകളുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍പറയുന്നു.ആക്രമണം മുന്‍കൂട്ടി ആസൂത്രണംചെയ്തതാണ്. പോലീസിന്റെ ഭാഗത്തുനിന്ന് വലിയ സുരക്ഷാവീഴ്ചയുണ്ടായി. കനയ്യയുടെയും കുടുംബത്തിന്റെയും സുരക്ഷയിലും കമ്മിഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ആക്ടിങ് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സിറിയക് ജോസഫിന്റെ നിര്‍ദേശപ്രകാരം വ്യാഴാഴ്ചയാണ് കമ്മിഷന്‍സംഘം തിഹാര്‍ ജയില്‍ സന്ദര്‍ശിച്ചത്.