ന്യൂഡല്‍ഹി: ജെ.എന്‍.യു.വില്‍ വിവാദ പരിപാടി നടത്തിയതിനെത്തുടര്‍ന്ന് രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റിലായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി വെള്ളിയാഴ്ച വിധിപറയും. ജെ.എന്‍.യു.വിലെ വിവാദ പരിപാടി സംഘടിപ്പിച്ചത് ഇവരാണെന്നുപറഞ്ഞ് ഡല്‍ഹി പോലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തു.

ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന തങ്ങളെ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്ന് ഉമറും അനിര്‍ബനും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണകൂടത്തിനെതിരെ വെറുപ്പ് വളര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുഭാഗങ്ങളുടെയും വാദം കേട്ടശേഷമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി റീതേഷ് സിങ് വിധി പറയാന്‍ മാറ്റിയത്.

ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനൊപ്പം രാജ്യദ്രോഹകുറ്റം നേരിടുന്ന ഉമറും അനിര്‍ബനും ഫിബ്രവരി 23-നാണ് പോലീസില്‍ കീഴടങ്ങിയത്. ഫിബ്രവരി ഒമ്പതിന് ജെ.എന്‍.യു.വില്‍ നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണപരിപാടിയില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തെതുടര്‍ന്നാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്.

ഇവര്‍ക്കുപുറമെ രാജ്യദ്രോഹകുറ്റം നേരിടുന്ന ജെ.എന്‍.യു. വിദ്യാര്‍ഥികളായ രാമനാഗ, അശുതോഷ് കുമാര്‍, ആനന്ദ് പ്രകാശ് എന്നിവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇവരെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല.