jnuഫീസ് ഉയർത്തിയതിനും വസ്ത്രധാരണച്ചട്ടം കൊണ്ടുവന്നതിനുമെതിരേ ഡൽഹി ജവാഹർലാൽ നെഹ്രു സർവകലാശാലയിലെ (ജെ.എൻ.യു.) വിദ്യാർഥികൾ തിങ്കളാഴ്ച തെരുവിലിറങ്ങി സമരംചെയ്തു. പോലീസുമായുള്ള ഏറ്റുമുട്ടലിലേക്ക് നീണ്ട സമരത്തിൽ, മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൻ ആറുമണിക്കൂറോളം സർവകലാശാലയ്ക്കുപുറത്തുള്ള കെട്ടിടത്തിൽ കുടുങ്ങി.

കാമ്പസിനു മൂന്നു കിലോമീറ്റർ അകലെയുള്ള ഐ.ഐ.സി.ടി.ഇ.യിൽ സർവകലാശാലാ ബിരുദദാനച്ചടങ്ങു നടക്കുന്ന ദിവസമായിരുന്നു തിങ്കളാഴ്ച. രാവിലെ പതിനൊന്നരയ്ക്കായിരുന്നു ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പങ്കെടുക്കുന്ന ചടങ്ങ്. ജെ.എൻ.യു. വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി കാമ്പസിൽ സമരം ചെയ്തിരുന്ന വിദ്യാർഥികൾ എ.ഐ.സി.ടി.ഇ. ഹാളിനു സമീപം പ്രതിഷേധവുമായെത്തി. ചടങ്ങിനെത്തിയ മന്ത്രി രമേഷ് പൊഖ്രിയാലിന് വൈകീട്ട് നാലരവരെ കെട്ടിടത്തിൽനിന്നു പുറത്തിറങ്ങാനായില്ല. രണ്ട് ഔദ്യോഗിക പരിപാടികൾ റദ്ദാക്കേണ്ടിയും വന്നു.

പ്രതിഷേധക്കാരെ പിരിച്ചയയ്ക്കാൻ പോലീസിലെ ഉന്നതരുൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ബാരിക്കേഡുകൾ നീക്കി മുന്നോട്ടുനീങ്ങാൻ ശ്രമിച്ച സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമായി. വൻതോതിൽ അർധസൈനികരും കാവലിനുണ്ടായിരുന്നു. സമരം സംഘർഷത്തിലേക്കു നീങ്ങിയതോടെ, വിദ്യാർഥികളെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ സാബു സ്കറിയ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്കു പരിക്കേറ്റു.

ചടങ്ങുകഴിഞ്ഞ് ഉപരാഷ്ട്രപതി സുരക്ഷിതനായി മടങ്ങിയെങ്കിലും മന്ത്രി പൊഖ്രിയാലിന് ഹാളിനു പുറത്തുകടക്കാനായില്ല. ഹാളിൽ വിദ്യാർഥിനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചയ്ക്കു തയ്യാറായി. പ്രശ്നത്തിൽ ഇടപെടാമെന്ന് ഉറപ്പു നൽകി. എന്നാൽ, വൈസ് ചാൻസലർ എം. ജഗദേഷ് കുമാർ ചർച്ചയ്ക്കു തയ്യാറാവണമെന്ന ആവശ്യവുമായി വൈകീട്ടുവരെ വിദ്യാർഥികൾ പ്രതിഷേധം തുടർന്നു.

ബാരിക്കേഡുകൾ തകർത്ത് ഹാളിനുള്ളിൽ കയറി മന്ത്രിയുമായി ചർച്ച നടത്താനായത് ചരിത്രമാണെന്ന് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു. കാമ്പസിനുള്ളിൽ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തെത്തുടർന്ന് 2016 ഫെബ്രുവരിയിൽ ജെ.എൻ.യു.വിൽ വൻ സമരം നടന്നിരുന്നു.

സമരം വന്ന വഴി

*ഹോസ്റ്റൽഫീസ് ഒരാൾക്ക് മാസം 20 രൂപയുണ്ടായിരുന്നത് 600 രൂപയാക്കി.

*രണ്ടാൾക്കു കഴിയാവുന്ന മുറിയിൽ ഒരാൾക്കുള്ള ഫീസ് പത്തു രൂപയുണ്ടായിരുന്നത് 300 രൂപയാക്കി.

* ഇതുവരെ സൗജന്യമായിരുന്ന വെള്ളം, വൈദ്യുതി നിരക്കുകൾ ഇനി വിദ്യാർഥികൾ നൽകണം.

* ശുചിത്വം, പാചകം തുടങ്ങിയവയ്ക്ക് മാസം 1700 രൂപ നൽകണം.

* മെസ്സിൽ ഒറ്റത്തവണ സെക്യൂരിറ്റി ആയി നൽകേണ്ട തുക 5,500 രൂപയിൽനിന്ന് 12,000 ആക്കി.

* ഭക്ഷണഹാളിൽ മാന്യമായി വസ്ത്രംധരിച്ചു വരണമെന്ന് നിർദേശം. ഇതു ദുരുദ്ദേശ്യപരമെന്നു വിദ്യാർഥികൾ.

* 24 മണിക്കൂറും ലൈബ്രറി പ്രവർത്തിക്കുമെന്നിരിക്കേ, വിദ്യാർഥികൾ രാത്രി 11-നുള്ളിൽ ഹോസ്റ്റലിൽ എത്തണമെന്നു നിർദേശം.