ന്യൂഡല്‍ഹി: ജെ.എന്‍.യു സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ മന്ത്രി കപില്‍ മിശ്രയ്ക്ക് വധഭീഷണി. ജെ.എന്‍.യു സംഭവത്തില്‍ വായടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിസന്ദേശം. തുടര്‍ന്ന്, വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനു പരാതി നല്‍കി.

വ്യാഴാഴ്ച രാവിലെ 8.48 നായിരുന്നു കപില്‍ മിശ്രയുടെ മൊബൈല്‍ ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയത്. പൂജാരി എന്നു പരിചയപ്പെടുത്തി ഒരാള്‍ വിളിച്ച് ജെ.എന്‍.യു സംഭവത്തില്‍ വായടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കൊല്ലുമെന്നും പൂജാരി ഭീഷണിപ്പെടുത്തി.

ഭീഷണി സന്ദേശത്തിനു മുമ്പ് 442, 3844, 9100, 501 എന്നീ വിവിധ നമ്പറുകളില്‍ നിന്ന് ഫോണ്‍ വിളികളെത്തിയെങ്കിലും മന്ത്രി എടുത്തിരുന്നില്ല. ഇത്തരം ശക്തികള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് കപില്‍ മിശ്ര പ്രതികരിച്ചു. വിഭജിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ താന്‍ ഇനിയും ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തര വിമര്‍ശകന്‍ കൂടിയാണ് ജലവിഭവ-ടൂറിസം മന്ത്രിയായ കപില്‍ മിശ്ര.