ന്യൂഡൽഹി: ഉത്തർപ്രദേശിൽ അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ ജിതിൻ പ്രസാദയുടെ ബി.ജെ.പി.യിലേക്കുള്ള കൂറുമാറ്റം കോൺഗ്രസിന് തലവേദനയാവും. സംസ്ഥാനത്ത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രിയങ്കാ ഗാന്ധിയുടെ ശ്രമങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നതുമാണ് പ്രസാദയുടെ തീരുമാനം. യുവ നേതാക്കൾക്കൊന്നും കോൺഗ്രസിൽ ഭാവിയില്ലെന്ന പ്രതീതിയുണ്ടാക്കാൻ ബി.ജെ.പി.ക്കും ഇതിലൂടെ കഴിയും.

ഉത്തർപ്രദേശിലെമ്പാടും സ്വാധീനമുള്ള നേതാവൊന്നുമല്ല പ്രസാദ. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അവസാന രണ്ടു ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ജയിക്കാനായിട്ടില്ല. എങ്കിലും സംഘടനാതലത്തിൽ കോൺഗ്രസിൽ അപ്രീതി തുടരുന്നതിന്റെ സൂചന പുറത്തുപോകലുണ്ടാക്കുന്നു. പ്രസാദയുടെ അടുപ്പക്കാരനായ ജ്യോതിരാദിത്യ സിന്ധ്യ 2020 ൽ ബി.ജെ.പി.യിലേക്ക് ചേക്കേറി. ഡൂൺ സ്കൂളിൽ സമകാലികരായിരുന്നു ഇരുവരും. മറ്റൊരു സുഹൃത്തായ സച്ചിൻ പൈലറ്റ് ശ്രമം നടത്തിയെങ്കിലും പാർട്ടിക്കുള്ളിൽ അസ്വസ്ഥനായി തുടരുകയാണ്. ഇവരുടെ സുഹൃത്തുക്കളിലൊരാളായ ആർ.പി.എൻ. സിങ്ങിനെയും ബി.ജെ.പി. ഉന്നം വെക്കുന്നതായാണ് സംസാരം. യുവനേതാവായ മിലിന്ദ് ദിയോറയ്ക്കും തന്നെ അവഗണിക്കുന്നു എന്ന തോന്നലാണുള്ളത്. ഇവരെല്ലാം രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരാണ്.

ഉത്തർപ്രദേശിൽ ശക്തമായ ബ്രാഹ്മണവിഭാഗത്തിന്റെ നേതാവായി സ്വയം അവരോധിക്കാൻ പ്രസാദ ബ്രാഹ്മിൺ ചേതന പരിഷത്ത് എന്ന സംഘടന രൂപവത്കരിച്ചിരുന്നു. ജാതി പിന്തുണയില്ലാതെ തിരഞ്ഞെടുപ്പു ജയം സാധ്യമാവില്ലെന്നു കണ്ടായിരുന്നു ഇത്. എന്നാൽ, ഈ സംഘടനയും കോൺഗ്രസും അടുത്തില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രജപുത്രരുമായുള്ള അടുത്ത ഇടപഴകൽ 12 ശതമാനത്തോളം വരുന്ന ബ്രാഹ്മണരിൽ അസംതൃപ്തി ഉണ്ടാക്കിയതായി ലഖ്‌നൗവിൽ അടുത്തിടെ ചേർന്ന ആർ.എസ്.എസ്., ബി.ജെ.പി. നേതാക്കളുടെ യോഗം വിലയിരുത്തിയിരുന്നു. പ്രസാദവഴി മുന്നാക്കവിഭാഗത്തെ ഒപ്പം നിർത്താമെന്നാണ് ബി.ജെ.പി. കണക്കുകൂട്ടുന്നത്.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജിതിൻ ബി.ജെ.പിയിലെത്തുമെന്ന് അഭ്യൂഹമുയർന്നിരുന്നു. പ്രിയങ്കാ ഗാന്ധി നേരിട്ട് ഇടപെട്ട് അനുനയിപ്പിച്ചതിനെത്തുടർന്നാണ് തീരുമാനം മാറ്റിയത്. എന്നാൽ അതിനുശേഷം ജിതിൻ പ്രസാദയും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ബന്ധം സുഗമമായിരുന്നില്ല. ജി.23-ന്റെ ഭാഗമായി കത്തെഴുതിയതോടെ പാർട്ടിയിൽ വിമതവിഭാഗത്തിന്റെ പ്രതിനിധിയുമായി. 2019 ൽ ബംഗാളിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായിരിക്കേ, സംസ്ഥാനത്തെ പാർട്ടിയുടെ നിലപാടുകളെയും സഖ്യ രൂപവത്‌കരണത്തെയും തുറന്നെതിർത്തു. ഐ.എസ്.എഫുമായുണ്ടാക്കിയ സഖ്യം പാർട്ടിയുടെയും പ്രവർത്തകരുടെയും താത്‌പര്യത്തിന് വിരുദ്ധമാണെന്ന് ട്വിറ്ററിൽ തുറന്നടിച്ചത് വലിയ വിവാദമുയർത്തിയിരുന്നു.