കൊൽക്കത്ത: ‘ഇല്ലത്തുനിന്ന് പുറപ്പെട്ടു, അമ്മാത്തെത്തിയതുമില്ല’ എന്ന അവസ്ഥയിലായി തൃണമൂൽ കോൺഗ്രസ് എം.എൽ.എ. ജിതേന്ദ്ര തിവാരി. തൃണമൂൽ വിട്ടതായി പ്രഖ്യാപിച്ച തിവാരി ബി.ജെ.പി.യിൽ ചേരാൻ കച്ചമുറുക്കി ഇറങ്ങിയതാണ്. പക്ഷേ, തിവാരിയെ വേണ്ടേ വേണ്ടാ എന്ന് പാർട്ടി നേതാക്കളും അണികളും ഒരേശബ്ദത്തിൽ പറഞ്ഞപ്പോൾ ബി.ജെ.പി. കൈവിട്ടു. ത്രിശങ്കുവിലായ തിവാരി ഒടുവിൽ ദീദിയോട് സമസ്താപരാധം പറഞ്ഞ് തൃണമൂലിൽ തിരികെക്കയറി.
വ്യാഴാഴ്ചയാണ് അസൻസോൾ നഗരസഭാബോർഡ് ചെയർമാനായിരുന്ന തിവാരി ആ പദവിയും തൃണമൂൽ അംഗത്വവും ഒഴിയുന്നതായി പ്രഖ്യാപിച്ചത്. തൃണമൂൽവിട്ട മുൻമന്ത്രി ശുഭേന്ദു അധികാരിയുമായി ചർച്ചനടത്തിയ തിവാരി അദ്ദേഹത്തോെടാപ്പം ബി.ജെ.പി.യിൽ ചേരാൻ പദ്ധതിയുമിട്ടു. പക്ഷേ, അസൻസോൾ എം.പി.യും കേന്ദ്രസഹമന്ത്രിയുമായ ബാബുൽ സുപ്രിയോ വിലങ്ങനെ കയറിനിന്നു. ബാബുലിന് പിന്തുണയുമായി സംസ്ഥാന-പ്രാദേശിക നേതാക്കളും അണിനിരന്നതോടെ ബി.ജെ.പി. കേന്ദ്രനേതൃത്വം ചുവടുമാറ്റി. തിവാരി പെരുവഴിയിലുമായി.
പരിഭ്രാന്തനായ തിവാരി വെള്ളിയാഴ്ച ബാബുലുമായി ഒത്തുതീർപ്പിനുശ്രമിച്ചു. ഫോൺ വിളിച്ചപ്പോൾ ബാബുൽ എടുത്തില്ല. പിന്നെ ശുഭേന്ദുവിനെക്കൊണ്ട് വിളിപ്പിച്ചു. ശുഭേന്ദുവിനോട് ബഹുമാനമുണ്ടെങ്കിലും തിവാരിയെ എടുക്കുന്നത് അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് ബാബുൽ വ്യക്തമാക്കി. ഇതോടെ ശുഭേന്ദുവും നിസ്സഹായാവസ്ഥയിലായി.
വെള്ളിയാഴ്ച കൊൽക്കത്തയിൽവന്ന് തന്നെക്കാണാൻ തൃണമൂൽ അധ്യക്ഷ മമതാ ബാനർജി നേരത്തേ പറഞ്ഞിട്ടും വഴങ്ങാതിരുന്ന തിവാരി പറഞ്ഞതെല്ലാം വിഴുങ്ങി കൊൽക്കത്തയ്ക്കുവെച്ചുപിടിച്ചു. മമതയെക്കാണാൻ പറ്റിയില്ലെങ്കിലും മന്ത്രി അരൂപ് ബിശ്വാസിനെക്കണ്ടു. താൻ ബി.ജെ.പി.യിലേക്ക് പോകുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പാർട്ടിവിടുമെന്ന് ക്ഷോഭത്തിൽ പറഞ്ഞതാണെന്നുമായി തിവാരി. ദീദിക്ക് മാനസിക വിഷമമുണ്ടാക്കിയതിൽ താണുവീണ് ക്ഷമയും പറഞ്ഞു. ഇതോടെ തിവാരി തൃണമൂലിൽതന്നെയെന്ന് അരൂപ് ബിശ്വാസ് പ്രഖ്യാപിച്ചു.
തിവാരി പാർട്ടിവിട്ടതിൽ ഒരുവിഭാഗം തൃണമൂൽ പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തിയിരുന്നു. മധുരവിതരണവും ക്ഷേത്രത്തിൽ വഴിപാടുമെല്ലാം നടത്തിയ ഇവർ തിവാരി തിരിച്ചെത്തിയതോടെ ഇച്ഛാഭംഗത്തിലാണ്.