അഹമ്മദാബാദ്: ഗുജറാത്തില്‍ കസ്റ്റഡിയിലെടുത്ത ദളിത് സമരനേതാവ് ജിഗ്നേഷ് മേവാനിയെ വിട്ടയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനം കണക്കിലെടുത്ത് മുന്‍കരുതലെന്ന നിലയിലാണ് അദ്ദേഹത്തെ വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്.

ഡല്‍ഹിയില്‍ ദളിത് സ്വാഭിമാന്‍ സംഘര്‍ഷ് റാലിയില്‍ സംബന്ധിച്ച ശേഷം അഹമ്മദാബാദ് വിമാനത്താവളത്തില്‍ മടങ്ങിയെത്തിയപ്പോളാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെ പത്തോടെ വിട്ടയച്ചു. എന്നാല്‍, മോദി മടങ്ങുന്നതുവരെ അദ്ദേഹം കര്‍ക്കശനിരീക്ഷണവലയത്തിലായിരിക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

മേവാനിയെ താമസസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുവരാനായി പോയ ബന്ധുവാണ് പോലീസുകാര്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഗുജറാത്തില്‍ വിവിധ പരിപാടികളില്‍ സംബന്ധിച്ചിരുന്നു. മേവാനിയാകട്ടെ അഹമ്മദാബാദിലെ ധോല്‍ക്കയില്‍ റവന്യൂ ഓഫീസ് ഉപരോധത്തിന് ആഹ്വാനം നല്‍കുകയും ചെയ്തു. ഇതാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാന്‍ കാരണമെന്നാണ് പോലീസിന്റെ വിശദീകരണം.

ദളിതര്‍ക്ക് നിയമപരമായി അവകാശപ്പെട്ട ഭൂമി ലഭിക്കുന്നതിനായാണ് മേവാനിയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. ഒക്ടോബര്‍ ഒന്നിന് തീവണ്ടിതടയല്‍ സമരവും പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പട്ടേല്‍സംവരണ സമരനേതാക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു.