അഹമ്മദാബാദ്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിയെപ്പോലുള്ളവരെ ശാരീരികമായി കൈകാര്യം ചെയ്യുന്നതിനെ ന്യായീകരിക്കുന്ന പോലീസുദ്യോഗസ്ഥരുടെ വാട്‌സാപ്പ് സന്ദേശം വിവാദമായി. അഹമ്മദാബാദ് റൂറല്‍ എസ്.പി., ഡിവൈ.എസ്.പി. എന്നിവരുടെ നടപടിക്കെതിരേ പരാതിനല്‍കുമെന്ന് എം.എല്‍.എ. വ്യക്തമാക്കി.

അഹമ്മദാബാദ് ജില്ലാ റൂറല്‍ പോലീസ് ആന്‍ഡ് മീഡിയ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഡിവൈ.എസ്.പി. ആര്‍.ബി. ദേവധ രണ്ട് വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പമാണ് തന്റെ അഭിപ്രായം ഇട്ടിരിക്കുന്നത്. ഒന്നില്‍ രാഷ്ട്രീയക്കാരനെന്നുതോന്നിക്കുന്ന ഒരാളെ പോലീസുകാര്‍ തല്ലിച്ചതയ്ക്കുന്നു, മറ്റൊന്നില്‍ ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ ന്യായീകരിച്ച് യോഗി ആദിത്യ നാഥ് സംസാരിക്കുന്നു. പോലീസിനെ എതിര്‍ക്കുന്നവരോട് ഇങ്ങനെ കണക്കുതീര്‍ക്കണമെന്ന് അഭിപ്രായപ്പെടുന്ന ഡിവൈ.എസ്.പി. ഉപയോഗിക്കുന്ന ചില വാക്കുകള്‍ മേവാനിയെപ്പറ്റി പരോക്ഷ സൂചന നല്‍കുന്നതാണ്. ഇതിന് എസ്.പി. ആര്‍.വി അസരി ഒരു അഭിനന്ദനചിഹ്നം പോസ്റ്റുചെയ്തിട്ടുമുണ്ട്. മറ്റാരോ ഇട്ട വീഡിയോ താന്‍ പങ്കിട്ടതാണെന്നും ഭീഷണിയല്ലെന്നുമാണ് ഡിവൈ.എസ്.പി. പറയുന്നത്.

ദളിത് ഭൂമിപ്രശ്‌നത്തില്‍ ഭാനുഭായി വാങ്കര്‍ ആത്മാഹുതിചെയ്ത സംഭവത്തില്‍ പ്രതിഷേധത്തിനുപോകുമ്പോള്‍ ഫെബ്രുവരി 18-ന് മേവാനിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്വന്തം കാറില്‍നിന്ന് അദ്ദേഹത്തെ ബലമായി പിടിച്ചിറക്കി. അപ്പോള്‍ പോലീസുകാരനോട് കയര്‍ത്ത മേവാനിയുടെ വാക്കുകളാണ് ഡിവൈ.എസ്.പി. വാട്‌സാപ്പ് സന്ദേശത്തില്‍ ആവര്‍ത്തിച്ചത്. 'ഇങ്ങനെയൊക്കെ പറയുന്നവരോട് കണക്കുതീര്‍ക്കണം...' എന്നാണ് ആഹ്വാനം. ഇത് ഏറ്റുമുട്ടല്‍കൊലയ്ക്കുള്ള ആഹ്വാനം തന്നെയാണെന്ന് മേവാനി പറയുന്നു. പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് അദ്ദേഹത്തെ അന്ന് കസ്റ്റഡിയിലെടുത്തത്. ദളിത് പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കാന്‍ അന്ന് സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഡി.ജി.പി. പി.പി. പാണ്ഡയെ സി.ബി.ഐ. കോടതി കുറ്റവിമുക്തനാക്കിയതിനുപിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഈ അഭിപ്രായപ്രകടനങ്ങള്‍.