ന്യൂഡല്‍ഹി: വികസനചര്‍ച്ചയ്ക്കും സംവാദത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് ദലിത് നേതാവ് ജിഗ്നേഷ് മേവാനി. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത് സെക്‌സ് ടേപ്പല്ല. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയെക്കുറിച്ചാണ്. ഗുജറാത്തില്‍ ബി.ജെ.പിക്ക് 80 സീറ്റുകളില്‍ കൂടുതല്‍ വിജയിക്കാനാവില്ല. കോണ്‍ഗ്രസടക്കമുള്ള ഒരു പാര്‍ട്ടിയുമായും തങ്ങള്‍ സഖ്യത്തിനില്ല. ബി.ജെ.പിയെ താഴെയിറക്കുകയാണ് ലക്ഷ്യം- മേവാനി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ ചെറുക്കാന്‍ ഏറെ നിര്‍ണായകമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ ജനങ്ങള്‍ വലിയ നിരാശയിലാണ്. അതുകൊണ്ടാണ് ഹാര്‍ദിക് പട്ടേലിന്റെ കിടപ്പുമുറിയില്‍ ബി.ജെ.പി. ഒളിക്യാമറ വെച്ചത്. വികസനത്തെക്കുറിച്ചു സംവാദം നടത്താന്‍ അമിത് ഷായെയും രൂപാണിയെയുമൊക്കെ വെല്ലുവിളിക്കുന്നുവെന്ന് മേവാനി പറഞ്ഞു.

അംബേദ്കര്‍ ദിനമായ ഡിസംബര്‍ ആറിന് ദലിതരെയും ആദിവാസികളെയും തൊഴിലാളി യൂണിയനുകളെയുമൊക്കെ പങ്കെടുപ്പിച്ചുള്ള മഹാറാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.