റാഞ്ചി: പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ, ആദ്യഫലം കാത്തിരിക്കുകയാണ് ബി.ജെ.പി. അഞ്ചുഘട്ടങ്ങളായിനടന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി തിങ്കളാഴ്ച അറിയാം. ജെ.എം.എം. നേതൃത്വത്തിലുള്ള മുന്നണിക്ക് അനുകൂലമായിവന്ന എക്സിറ്റ് പോൾ ഫലങ്ങളെ ജാർഖണ്ഡിലെ ഭരണകക്ഷിയായ ബി.ജെ.പി. ആശങ്കയോടെയാണ് കാണുന്നത്.

മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി ജാർഖണ്ഡിൽ ഭരണം നിലനിർത്തി മറികടക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാൽ, പൗരത്വനിയമത്തിനെതിരായി ജനവിധി മാറുമോയെന്ന ആശങ്കയും പാർട്ടിക്കുണ്ട്. നിതീഷ് കുമാറിന്റെ ജനതാദളും (യുണൈറ്റഡ്), രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തിയും ഒറ്റയ്ക്ക് മത്സരിച്ചതും എൻ.ഡി.എ. സഖ്യത്തിലുണ്ടായിരുന്ന എ.ജെ.എസ്.യു. മുന്നണി വിട്ടതും ബി.ജെ.പി.യുടെ ആശങ്ക കൂട്ടുന്നുണ്ട്.

ഹേമന്ത് സോറൻ നയിക്കുന്ന ജാർഖണ്ഡ് മുക്തിമോർച്ചയ്ക്കൊപ്പമാണ് കോൺഗ്രസും ആർ.ജെ.ഡി.യും. എക്സിറ്റ് പോൾ പ്രവചനങ്ങളിൽ മുൻതൂക്കം ഈ മുന്നണിക്കാണ്.

Content Highlights: Jharkhand election results