ന്യൂഡൽഹി: ജാർഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അഞ്ചുഘട്ടങ്ങളിലായി നടക്കും. 81 അംഗ സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 30-നാണ്. ഡിസംബർ ഏഴ്, 12, 16, 20 തീയതികളിലാണ് ബാക്കി ഘട്ടങ്ങൾ. ഡിസംബർ 23-നാണ് വോട്ടെണ്ണൽ.

മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ സുനിൽ അറോറയാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. മാവോവാദികളുടെ സജീവസാന്നിധ്യമുള്ള സംസ്ഥാനത്ത് ഒന്നാംഘട്ടത്തിൽ 13 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടത്തിൽ 20 മണ്ഡലങ്ങളിലും മൂന്നാംഘട്ടത്തിൽ 17 മണ്ഡലങ്ങളിലും നാലാംഘട്ടത്തിൽ 15 മണ്ഡലങ്ങളിലും അഞ്ചാംഘട്ടത്തിൽ 16 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.

രഘുബർ ദാസ് നയിക്കുന്ന ബി.ജെ.പി.സർക്കാരിന്റെ കാലാവധി ജനുവരി അഞ്ചിനാണ് അവസാനിക്കുന്നത്. ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനുമായി (എ.ജെ.എസ്.യു.) സഖ്യത്തിലാണ് ബി.ജെ.പി. ഇവിടെ. 2014-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് 35 സീറ്റും എ.ജെ.എസ്.യു.വിന് 17 സീറ്റുമാണ് ലഭിച്ചത്. കോൺഗ്രസ് ആറു സീറ്റിലൊതുങ്ങി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 14 ലോക്‌സഭാ സീറ്റുകളിൽ പന്ത്രണ്ടും ബി.ജെ.പി. സ്വന്തമാക്കി.

ഇക്കുറി കോൺഗ്രസ് ജാർഖണ്ഡ് മുക്തിമോർച്ചയുമായി സഖ്യത്തിലെത്തിയിട്ടുണ്ട്. എന്നാൽ, സീറ്റുവിഭജനം പൂർത്തിയായിട്ടില്ല.

Content Highlights: Jharkhand assembly election Five Phases