റാഞ്ചി: ‍‍ജാർഖണ്ഡ് നിയമസഭയിലേക്ക് ശനിയാഴ്ചനടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 62.87 ശതമാനം പോളിങ്. മാവോവാദികൾ പാലം തകർത്തതുൾപ്പെടെ ഒട്ടേറെ അനിഷ്ടസംഭവങ്ങൾക്കിടെയായിരുന്നു വോട്ടെടുപ്പ്.

ഛത്ര, ഗുംല, ബിഷ്ണുപുർ, ലൊഹാർഡഗ, മണിക, ലത്തേഹർ, പങ്കി, ഡാൾട്ടൺഗഞ്ച്, ബിശ്രാംപുർ, ഛത്തർപുർ, ഹുസൈനാബാദ്, ഗഢ്‌വ, ഭവനാഥ്പുർ എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പു നടന്നത്.

ഗുംലയിൽ വോട്ടെടുപ്പു തുടങ്ങുംമുമ്പ് ഘാഗ്ര-കത്കോത്‌വ ദേശീയപാതയിലെ പാലം മാവോവാദികൾ ബോംബുവെച്ചു തകർത്തു. ‍ഡാൾട്ടൺഗഞ്ചിലെ കോശിയാര പോളിങ് ബൂത്തിൽ കോൺഗ്രസ്-ബി.ജെ.പി. പ്രവർത്തകർ ഏറ്റുമുട്ടി. കോൺഗ്രസ് സ്ഥാനാർഥി കെ.എൻ. ത്രിപാഠി ആയുധങ്ങളുമായി ബൂത്തിൽ കടക്കാൻ ശ്രമിച്ചതാണ് ഏറ്റുമുട്ടലിനിടയാക്കിയതെന്ന് റിട്ടേണിങ് ഓഫീസർ ശാന്തനു അഗ്രഹാരി പറഞ്ഞു. ത്രിപാഠിയുടെ കൈയിൽനിന്ന് തോക്കും മൂന്നു തിരകളും പിടിച്ചെടുത്തെന്നും അദ്ദേഹം പറഞ്ഞു. അക്രമികൾ പോലീസ് വണ്ടിയുടെ ചില്ലുതകർത്തു.

15 സ്ത്രീകളുൾപ്പെടെ 189 സ്ഥാനാർഥികളാണ് ഒന്നാംഘട്ടത്തിൽ മത്സരിക്കുന്നത്. 81 അംഗ നിയമസഭയിലേക്ക് അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് ഈ മാസം 20-ന് തീരും. 23-നാണ് വോട്ടെണ്ണൽ.

Content Highlights: Jharkhand assembly election