മുംബൈ: സ്വകാര്യ മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയർവേസ് പ്രവർത്തനം നിർത്തിയതിനുശേഷം കൂടിയ വിദേശവിമാനനിരക്കുകൾ ഉടൻ കുറഞ്ഞേക്കില്ല. ലണ്ടൻ, ന്യൂയോർക്ക്, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള നിരക്കുകളാണ് ഏപ്രിലിനുശേഷം ക്രമാതീതമായി ഉയർന്നത്. മുംബൈ -ന്യൂയോർക്ക് റൂട്ടിൽ മുൻവർഷത്തെ അപേക്ഷിച്ച് മാർച്ചിൽ 157 ശതമാനം വരെയായിരുന്നു വർധന. ജൂണിൽ ഇത് 49 ശതമാനമാണെന്ന് ട്രാവൽ പോർട്ടലുകളുടെ കണക്കുകൾ വ്യക്തമാക്കുന്നു. ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്കുകൾ മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികമായിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ ഏപ്രിൽ 17-നാണ് ജെറ്റ് എയർവേസ് പൂർണമായി പ്രവർത്തനം നിർത്തിയത്. ഇതിനും ഒരു വർഷംമുമ്പേ സർവീസുകൾ റദ്ദാക്കിത്തുടങ്ങിയിരുന്നു. മുംബൈ-ലണ്ടൻ റൂട്ടിൽ ദിവസം മൂന്നു സർവീസുകളാണ് ജെറ്റിനുണ്ടായിരുന്നത്. ഇവ നിലച്ചതോടെ ഈ റൂട്ടിൽ തിരക്കുകൂടി.
അതേസമയം, നിരക്കുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയം ജെറ്റിന്റെ കൈവശമുണ്ടായിരുന്ന 400 അന്താരാഷ്ട്ര സ്ലോട്ടുകൾ മറ്റു വിമാനക്കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഇതിൽ പകുതിയും പൊതുമേഖലാ കമ്പനിയായ എയർ ഇന്ത്യയ്ക്കാണ്. രാജ്യത്ത് വലിയ വിമാനങ്ങൾ ഉപയോഗിച്ച് ദീർഘദൂര സർവീസ് നടത്തുന്ന ഏക കമ്പനിയാണ് എയർ ഇന്ത്യ.
ജെറ്റ് സർവീസ് നിർത്തിയശേഷം ആഭ്യന്തര വിപണിയിൽ നിരക്കു നിയന്ത്രിക്കാൻ ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ പോലുള്ള ചെലവുകുറഞ്ഞ വിമാനക്കമ്പനികൾക്ക് കൂടുതൽ സ്ലോട്ടുകൾ നൽകിയിരുന്നു. ഇത് വിജയകരമാകുകയും ചെയ്തു. എന്നാൽ, അന്താരാഷ്ട്ര സർവീസിന്റെ കാര്യത്തിൽ ഇത് അത്ര ഫലപ്രദമായേക്കില്ലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
സ്ലോട്ടുകൾ നൽകിയിട്ടുള്ള ഇന്ത്യൻ കമ്പനികൾ താരതമ്യേന ദൂരംകുറഞ്ഞ ഗൾഫ് രാജ്യങ്ങളിലേക്കാണ് കൂടുതലും സർവീസ് നടത്തുന്നത്. ദീർഘദൂര സർവീസ് നടത്തുന്ന എയർ ഇന്ത്യയുടെ പല വലിയ വിമാനങ്ങളും അറ്റകുറ്റപ്പണികൾക്കായി താത്കാലികമായി സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജെറ്റിന്റെ മുഴുവൻ സ്ലോട്ടുകളിലും പകരം സർവീസ് നടത്താൻ എയർ ഇന്ത്യയ്ക്ക് ബുദ്ധിമുട്ടുണ്ടാകും.
വിദേശ കമ്പനികൾക്ക് ഇന്ത്യയിലേക്കു പുതിയ സർവീസുകൾ തുടങ്ങാനും തടസ്സങ്ങളുണ്ട്. അമേരിക്കയും ബ്രിട്ടനുമൊഴികെയുള്ള രാജ്യങ്ങളിലെ കമ്പനികൾക്ക് ഉഭയകക്ഷി കരാറാണ് തടസ്സമാകുക. അമേരിക്കയും ബ്രിട്ടനും ഇന്ത്യയിലേക്ക് ഉടൻ കൂടുതൽ സർവീസുകൾ നടത്താനുള്ള സാധ്യത വിരളമാണ്.
ജെറ്റ് എയർവേസ് 20 വർഷത്തോളമായി ഉണ്ടാക്കിയെടുത്ത ശൃംഖല തകർന്നതും തിരിച്ചടിയാണ്. യാത്രക്കാർക്ക് ഇത് കണക്ഷൻ ഫ്ളൈറ്റ് സൗകര്യം നൽകിയിരുന്നു. വിവിധ രാജ്യങ്ങളിലായി 150 -ഓളം ഫ്ളൈറ്റുകൾ ഇത്തരത്തിൽ ഉപയോഗിക്കാമായിരുന്നു. ഇതും നിരക്കുവർധനയ്ക്ക് കാരണമായിട്ടുണ്ട്.
എന്നാൽ, കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്ന് അക്ബർ ട്രാവൽ ഫ്രാഞ്ചൈസി നടത്തുന്ന കെ.എസ്. അജി പറഞ്ഞു. മാർച്ച് 23-നു ശേഷം ദുബായ് നിരക്ക് 15,000 രുപ വരെയായിരുന്നു. ഏപ്രിൽ ആദ്യവാരം ഇത് 30,000 മുതൽ 45,000 രൂപ വരെയെത്തി. അവധിക്കാലത്തിനുശേഷം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.
എന്നാൽ, ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള നിരക്കുകൾ കുത്തനെ കൂടിയിട്ടുണ്ട്. ജൂൺ 28-ന് ദുബായിൽനിന്ന് തിരുവനന്തപുരത്തേക്ക് 52,000 രൂപയായിരുന്നു അവസാന നിമിഷം നിരക്ക്. കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന് 62,000 രൂപയും. ശരാശരി 30,000 രൂപ മുതലാണ് ഇപ്പോൾ ദുബായിൽനിന്ന് കൊച്ചിയിലേക്ക് വിമാനക്കമ്പനികൾ ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിരക്കുവർധന ശതമാനത്തിൽ
റൂട്ട് മാർച്ച് ജൂൺ
മുംബൈ - സിങ്കപ്പൂർ 62 36
ഡൽഹി - ദുബായ് 65 41
ഡൽഹി - ലണ്ടൻ 49 20
മുംബൈ - ന്യൂയോർക്ക് 157 49
മുംബൈ - ടൊറന്റോ 59 58
Content highlights; Jet airways, Fares