പട്ന: ബിഹാറിൽ ഭരണസഖ്യത്തിലുള്ള ജനതാദൾ യുണൈറ്റഡിനെ (ജെ.ഡി.യു.) പിളർത്താൻ പ്രതിപക്ഷത്തെ വലിയ കക്ഷിയായ ആർ.ജെ.ഡി.യുടെ ശ്രമം. ജെ.ഡി.യു.വിന്റെ 17 എം.എൽ.എ.മാർ പാർട്ടിവിട്ട് തങ്ങളോടൊപ്പം വരാൻ സന്നദ്ധതയറിയിച്ചതായി ആർ.ജെ.ഡി. നേതാവ് ശ്യാം രജക് മാധ്യമങ്ങളോടു പറഞ്ഞു. ഇവരെത്തുകയാണെങ്കിൽ പ്രതിപക്ഷ സഖ്യത്തിന് സംസ്ഥാനത്ത് അധികാരത്തിലെത്താനാവും.

ബി.ജെ.പി.യുടെ ഏകാധിപത്യനടപടികളിലും എൻ.ഡി.എ.യിലെ സഖ്യകക്ഷിയായ ജെ.ഡി.യു.വിനുമേൽ ആ പാർട്ടി തുടരുന്ന ആധിപത്യത്തിലും എം.എൽ.‌എ.മാർ അസ്വസ്ഥരാണെന്നും ശ്യാം രജക് പറഞ്ഞു. അത് ആഗ്രഹിക്കാത്തവർ ആർ.‌ജെ.ഡി.യുമായി നിരന്തരബന്ധം പുലർത്തുന്നുണ്ടെന്നു അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, രജകിന്റെ വാദം ജെ.ഡി.യു. വക്താവ് രാജീവ് രഞ്ജൻ നിഷേധിച്ചു.

ബിഹാർ നിയമസഭയിൽ എൻ.ഡി.എ.യ്ക്ക് 125 സീറ്റും ആർ.ജെ.ഡി. അടങ്ങുന്ന പ്രതിപക്ഷ സഖ്യത്തിന് 110 സീറ്റുമാണുള്ളത്. അടുത്തിടെ അരുണാചൽ പ്രദേശിലെ ഏഴ് ജെ.ഡി.യു. എം.എൽ.എ.മാരിൽ ആറുപേർ ബി.ജെ.പി.യിൽ ചേർന്നിരുന്നു.

Content Highlight: JDU RJD Conflict in Bihar