ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി ജയലളിതയുടെ അണുബാധ 2016 നവംബർ 15-നുതന്നെ പൂർണമായും ഭേദപ്പെട്ടിരുന്നതായി ചികിത്സിച്ചിരുന്ന ഡോക്ടർ അന്വേഷണക്കമ്മിഷനുമുമ്പാകെ മൊഴിനൽകി. അപ്പോളോയിലെ അണുബാധ ചികിത്സാവിദഗ്ധൻ ഡോ. രാമഗോപാലകൃഷ്ണനാണ് ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്തുന്ന ജസ്റ്റിസ് അറുമുഖസാമി കമ്മിഷനുമുമ്പാകെ ഇക്കാര്യം അറിയിച്ചത്.

ജയലളിതയെ ബാധിച്ചിരുന്ന എൻഡോ കോക്കസ് ബാക്ടീരിയ ഇൻഫെക്ഷൻ അവരുടെ മരണത്തിന് 20 ദിവസം മുമ്പുതന്നെ പൂർണമായും ഭേദപ്പെടുത്തിയിരുന്നതായി ഡോക്ടർ അറിയിച്ചു. 2016 ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. ഹൃദയ അറകളിലും വാൽവിലുമുണ്ടായ അണുബാധയാണ് ജയലളിതയുടെ മരണകാരണങ്ങളിൽ ഒന്നെന്ന് നേരത്തേ ഡോക്ടർമാർ മൊഴിനൽകിയതിനെക്കുറിച്ച് കമ്മിഷൻ അംഗം എസ്. പാർഥസാരഥി ഡോ. രാമഗോപാലകൃഷ്ണനോട് ചോദിച്ചു. രോഗപ്രതിരോധ ശേഷി ഗണ്യമായി കുറഞ്ഞതും മരണത്തിനു കാരണമായതായും കമ്മിഷൻ അംഗം ചൂണ്ടിക്കാട്ടി.

എന്നാൽ, ജയലളിതയുടെ മരണസർട്ടിഫിക്കറ്റിലെ വിവരങ്ങൾ തനിക്കു വ്യക്തമല്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും രാമഗോപാലകൃഷ്ണൻ കമ്മിഷനെ അറിയിച്ചു. അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം ടെക്‌നീഷ്യൻ പഞ്ചാബികേശനിൽനിന്നും കമ്മിഷൻ തെളിവെടുപ്പുനടത്തി. എല്ലാ ദിവസവും ജയലളിതയെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ താൻ ചെന്നുകണ്ടിരുന്നതായും ജയലളിതയുടെ വാർഡിനുമുന്നിൽ എല്ലായ്‌പ്പോഴും നാലു സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നെന്നും പഞ്ചാബികേശൻ അറിയിച്ചതായി അന്വേഷണക്കമ്മിഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

പനിയും നിർജലീകരണവുംമൂലം 2016 സെപ്റ്റംബർ 22-ന് രാത്രിയാണ് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ചികിത്സയിലും മരണത്തിലും ദുരൂഹതയുണ്ടെന്ന വ്യാപക പരാതികളെത്തുടർന്ന് 2017 സെപ്റ്റംബർ 25-നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അന്വേഷണത്തിനായി ജസ്റ്റിസ് അറുമുഖസാമി കമ്മിഷനെ നിയമിച്ചത്. അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണിപ്പോൾ.

Content Highlights: J Jayalalithaa, Jayalalithaa was recovered from infection 20 days before death says doctor