ന്യൂഡല്‍ഹി: ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ ആറു പ്രാദേശിക ഭാഷകളില്‍ അടുത്തവര്‍ഷംമുതല്‍ നീറ്റ് പരീക്ഷ നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ 'മാതൃഭൂമി'യോട് പറഞ്ഞു. നിലവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് നീറ്റ് പരീക്ഷകള്‍ നടത്തുന്നത്.
 
പ്രാദേശിക ഭാഷകളില്‍ പരീക്ഷ നടത്തണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം. തമിഴ്, തെലുങ്ക്, മറാഠി, അസാമീസ്, ബംഗാളി, ഗുജറാത്തി എന്നീ പ്രാദേശിക ഭാഷകളില്‍കൂടി പരീക്ഷ നടത്താനാണ് ആലോചന. 2012 വരെ എന്‍ട്രന്‍സ് പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ പ്രാദേശിക ഭാഷകളില്‍കൂടി എഴുതാന്‍ അവസരമുണ്ടായിരുന്നു. നീറ്റ് പരീക്ഷയില്‍ തമിഴ്കൂടി ഉള്‍പ്പെടുത്തി 2012-ലെ സൗകര്യം തുടരാനാണ് നീക്കം.
 
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് തലവരിപ്പണം വാങ്ങുന്ന പ്രവണത നിര്‍ഭാഗ്യകരമാണെന്നും സര്‍ക്കാരിന്റെ രണ്ട് നടപടികളിലൂടെ തലവരിപ്പണം നിയന്ത്രിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. നീറ്റ് പരീക്ഷ നിലവില്‍വരുന്നതോടെ തലവരിപ്പണം ഒരുപരിധിവരെ നിയന്ത്രിക്കപ്പെടും. എണ്‍പത്തിയഞ്ച് ശതമാനം പ്രവേശനവും നീറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നടക്കുക.
 
ഇതോടൊപ്പം പഠിക്കാനുള്ള സ്ഥാപനങ്ങളെ വിദ്യാര്‍ഥികള്‍ സ്വയം ഓണ്‍ലൈനിലൂടെ തിരഞ്ഞെടുക്കുന്നതിലൂടെ മികച്ച സ്ഥാപനങ്ങള്‍ക്കുമാത്രമേ പിടിച്ചുനില്‍ക്കാനാവൂയെന്ന നിലയുണ്ടാകും. നീറ്റ് മാതൃകയില്‍ ജെ.ഇ.ഇ. പരീക്ഷ എല്ലാ എന്‍ജിനീയറിങ് പ്രവേശനത്തിനും ബാധകമാക്കണമെന്ന നിര്‍ദേശവും പരിശോധനയിലുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
 
സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ നിലവിലുള്ള പത്താം ക്ലാസിലെ ഇരട്ട പരീക്ഷാസമ്പ്രദായം അടുത്ത അധ്യയനവര്‍ഷംമുതല്‍ നിര്‍ത്തലാക്കും. നടപ്പ് അധ്യയനവര്‍ഷം ഇരട്ടപ്പരീക്ഷ തുടരും. സൗജന്യ ഉച്ചഭക്ഷണപദ്ധതി പത്താം ക്ലാസ് വരെയാക്കാന്‍ ആലോചനയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ എട്ടാംക്ലാസ് വരെയാണ് ഉച്ചഭക്ഷണ പദ്ധതിയുള്ളത്.
 
ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കും മുന്‍കൈയെടുക്കാം. ലോകനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിനിര്‍ദേശം ഉടന്‍ മന്ത്രിസഭായോഗം പരിഗണിക്കും. ഹാര്‍വാര്‍ഡ് സര്‍വകലാശാലാ മാതൃകയില്‍ ലോകനിലവാരമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ യോഗയും സംസ്‌കൃതവും നിര്‍ബന്ധമാക്കുമെന്ന് പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. ഒന്നും അടിച്ചേല്പിക്കില്ല. ഗുണനിലവാരത്തില്‍ മാത്രമാണ് സര്‍ക്കാരിന് നിര്‍ബന്ധമുള്ളതെന്നും മന്ത്രി പറഞ്ഞു.
 
പുതിയ വിദ്യാഭ്യാസനയം ആര്‍.എസ്.എസ്. രേഖയാണെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ആരോപണങ്ങളും മന്ത്രി തള്ളി. ഇതുവരെ കരട് റിപ്പോര്‍ട്ട് തയ്യാറായിട്ടില്ല. പിന്നെ എങ്ങനെയാണ് ആര്‍.എസ്.എസ്. രേഖയെന്ന് ആക്ഷേപിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം തേടുകമാത്രമാണ് ചെയ്തിട്ടുള്ളത്.

ന്യൂഡല്‍ഹി: കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേര് നല്‍കുന്നത് സംബന്ധിച്ച് ഈയാഴ്ച ചര്‍ച്ച നടക്കുമെന്ന് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
 
ഈ നിര്‍ദേശം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ശ്രീനാരായണഗുരു രാജ്യത്തെ എക്കാലത്തെയും സാമൂഹിക പരിഷ്‌കര്‍ത്താവാണ്. അദ്ദഹത്തിന്റെ പേര് ഒരു സര്‍വകലാശാലയ്ക്ക് നല്‍കുന്നത് മഹത്തായ കാര്യമായി സര്‍ക്കാര്‍ കരുതുന്നു -മന്ത്രി പറഞ്ഞു.