ന്യൂഡല്‍ഹി: ഇന്ത്യയും ജപ്പാനും ഇക്കൊല്ലം ആദ്യം ഒപ്പുവെച്ച 'പ്രത്യേക വിദഗ്ധതൊഴിലാളി' (സ്‌പെസിഫൈഡ് സ്‌കില്‍ഡ് വര്‍ക്കേഴ്സ്) പരിപാടിയനുസരിച്ച് 14 മേഖലകളിലേക്കുള്ള റിക്രൂട്ട്മെന്റ് അടുത്തകൊല്ലം ആരംഭിക്കും. ജാപ്പനീസ് ഭാഷയില്‍ അടിസ്ഥാന അറിവും അതതുമേഖലകളില്‍ വൈദഗ്ധ്യവുമുള്ളവരെയാണ് റിക്രൂട്ട് ചെയ്യുക. ഇതിനുമുന്നോടിയായി ജാപ്പനീസ് ഭാഷയിലെ പരിശീലനത്തിന് നേതൃത്വംനല്‍കാനുംമറ്റുമായി 'ജൈക്ക'യുടെ (ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് ഏജന്‍സി) വൊളന്റിയര്‍മാര്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെത്തും.

ജാപ്പനീസ്ഭാഷാപരീക്ഷയും നൈപുണിപരീക്ഷയും നടത്തിയശേഷമായിരിക്കും റിക്രൂട്ട്മെന്റ്. നോര്‍ക്ക റൂട്‌സ് വഴിയായിരിക്കും കേരളത്തില്‍ എസ്.എസ്.ഡബ്ല്യു. പദ്ധതി നടപ്പാക്കുക. ജാപ്പനീസ്ഭാഷാ പരിശീലനത്തിനും നൈപുണി പരിശീലനത്തിനും പ്രത്യേക സംവിധാനമൊരുക്കും. ജൈക്കയുടെ പ്രതിനിധി എത്തിയശേഷമായിരിക്കും ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാവുക. ഭാഷാ, നൈപുണി പരീക്ഷ അടുത്തകൊല്ലം ആദ്യം നടത്തുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷി ഹിദെ സുഗ കഴിഞ്ഞദിവസം വാഷിങ്ടണില്‍നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിരുന്നു. ഒരു വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമായിരിക്കും (ഡിസംബര്‍/ജനുവരി, ജൂണ്‍/ജൂലായ്) പരീക്ഷ.

ഇടനിലക്കാരോ ഇടവേളകളോ ഇല്ലാതെ, സര്‍ക്കാര്‍തലത്തില്‍ നടത്തുന്ന റിക്രൂട്ട്മെന്റ് എന്നതാണ് എസ്.എസ്.ഡബ്ല്യു.വിന്റെ പ്രത്യേകത. മാത്രവുമല്ല, വികസിത സമ്പദ്വ്യവസ്ഥയുള്ള ജപ്പാന്‍ കുടിയേറ്റത്തിന്റെ പുതിയൊരു കേന്ദ്രമായി മാറുകയാണ്. ഒട്ടേറെ മേഖലകളില്‍ നൈപുണ്യംനേടിയ അഭ്യസ്തവിദ്യരെ തുടര്‍ച്ചയായി ആവശ്യമുണ്ടാകും.

തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള കേരളത്തിന് ഈ അവസരം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനാവുമെന്ന് ഉന്നതവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. 'സ്‌കില്‍ഡ് മൈഗ്രേഷന്' മികച്ച സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. വിവിധ മേഖലകളില്‍ നൈപുണ്യമുള്ളവരെ റിക്രൂട്ട്ചെയ്യാന്‍ ഒരു രാജ്യം മുന്നോട്ടുവരുന്നത് ഇതാദ്യമാണ്. കുടിയേറ്റത്തൊഴിലിന്റെ ഗതിയും രീതിയുംതന്നെ മാറുന്നതിന്റെ തുടക്കമാണിത്.

18 തികഞ്ഞാല്‍ പോകാം

ജാപ്പനീസ് റിക്രൂട്ട്‌മെന്റിനുള്ള കുറഞ്ഞ പ്രായം 18 ആണ്ജാപ്പനീസ് ഭാഷാപരീക്ഷയും (എല്‍.ജി.പി.ടി.എന്‍.-4) തൊഴില്‍ മേഖലയിലെ സ്‌കില്‍ ടെസ്റ്റും പാസാകണം

റിക്രൂട്ട് ചെയ്യപ്പെടുന്നയാള്‍ക്ക് പരമാവധി താമസിക്കാവുന്നത് അഞ്ചുവര്‍ഷം. വര്‍ഷത്തിലോ ആറുമാസത്തിലോ നാലുമാസത്തിലോ താമസവിസ പുതുക്കും

2023 വരെ ജപ്പാന് വേണ്ടത് മൂന്നു ലക്ഷത്തിലേറെപ്പേരെ

ന്യൂഡല്‍ഹി: വിവിധ സവിശേഷ മേഖലകളിലായി വളരെക്കുറച്ചു വിദഗ്ധതൊഴിലാളികള്‍ മാത്രമാണ് ഇപ്പോള്‍ ജപ്പാനിലുള്ളത്. 2023 വരെ അവര്‍ക്കു വേണ്ടത് മൂന്നുലക്ഷത്തിലേറെപ്പേരെയാണ്.

d