ബെംഗളൂരു: നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ബി.ജെ.പി. നേതാവും ഖനി ഉടമയുമായ ഗാലി ജനാർദന റെഡ്ഡി സിറ്റി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

ഹർജി പരിഗണിച്ച കോടതി പ്രോസിക്യൂഷൻ വാദം ഉന്നയിക്കുന്നതിനായി നവംബർ 12-ലേക്ക് മാറ്റി. കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനും നോട്ടീസ് നൽകി. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് കൈക്കൂലി നൽകിയതിനും കോഴപ്പണ ഇടപാടിനും വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം കോടതിയിൽ ബോധിപ്പിച്ചു.

ചോദ്യം ചെയ്യുന്നതിന് നവംബർ 11-നുമുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ട് ജനാർദന റെഡ്ഡിക്കും സഹായി അലിഖാനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. റെഡ്ഡിയെ പിടികൂടുന്നതിന് നാല് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. റെഡ്ഡിയുടെ സഹായി അലിഖാനും സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

അതിനിടെ, എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് കൈക്കൂലി നൽകിയെന്നാരോപിച്ച് ക്രൈംബ്രാഞ്ച് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനാർദന റെഡ്ഡി കർണാടക ഹൈക്കോടതിയിൽ ഹർജിനൽകി. രാഷ്ട്രീയലക്ഷ്യത്തോടെ കേസ് കെട്ടച്ചമച്ചതാണെന്ന് റെഡ്ഡിയുടെ അഭിഭാഷകൻ ചന്ദ്രശേഖർ ബോധിപ്പിച്ചു. നിക്ഷേപത്തട്ടിപ്പ് നടത്തിയ ആംബിഡന്റ് കമ്പനിയുമായി ബന്ധമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസിലെ അന്വേഷണച്ചുമതലയിൽനിന്നും ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സി.പി. ഗിരീഷിനെയും അസിസ്റ്റന്റ് പോലീസ് കമ്മിഷണർ വെങ്കടേശ് പ്രസന്നയെയും മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് കേസിൽ പ്രതിയായ ജൂവലറി ഉടമ രമേശ് സിറ്റി പോലീസ് കമ്മിഷണർക്കും പരാതിനൽകി.

ജനാർദന റെഡ്ഡിക്കായി ആന്ധ്രയിലും തെലങ്കാനയിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. അന്വേഷണസംഘത്തിനുമുന്നിൽ റെഡ്ഡി കീഴടങ്ങുമെന്ന സൂചനയുമുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ കീഴടങ്ങുമെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം കോഴപ്പണ ഇടപാടിന് കൂടുതൽ തെളിവ് ശേഖിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ജനാർദന റെഡ്ഡിക്ക് കൈമാറിയ 57 കിലോഗ്രാം സ്വർണവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിൽനിന്ന് ഒഴിവാക്കുന്നതിനായി ആംബിഡന്റ് കമ്പനി ഉടമ സയിദ് അഹമ്മദ് ഫരീദ് 20 കോടി രൂപ ജനാർദന റെഡ്ഡിക്ക് നൽകിയെന്നാണ് മൊഴി. രണ്ടുകോടി രൂപ പണമായും 18 കോടിയുടെ സ്വർണവുമാണ് നൽകിയത്. കഴിഞ്ഞ മാർച്ചിലാണ് ഇടപാട് നടന്നതെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ചെലവിലേക്കായി സ്വർണം പണമാക്കിമാറ്റിയെന്നും പോലീസ് സംശയിക്കുന്നു.