ശ്രീനഗർ: ജമ്മുകശ്മീരിൽ കഴിഞ്ഞാഴ്ചയുണ്ടായ രണ്ട്‌ വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.ആർ.പി.എഫ്. ഉദ്യോഗസ്ഥനും കരസേനാജവാനും അന്തരിച്ചു. ഈ മാസം 23-ന് ഗന്ദേർബാൾ ജില്ലയിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ പരിക്കേറ്റ സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ നേത്രപാൽ സിങ് ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു സൈനികൻ നേരത്തേ മരിച്ചിരുന്നു.

വെള്ളിയാഴ്ച ഷോപ്പിയാൻ ജില്ലയിലെ കനിഗാം മേഖലയിൽ ഭീകരരുമായുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ ഹവിൽദാർ എ.കെ. തോമർ (40) തിങ്കളാഴ്ചയും മരിച്ചു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയാണ് തോമർ. രണ്ടുഭീകരരെ ആക്രമണത്തിൽ സുരക്ഷാസേന വധിച്ചിരുന്നു.

2020-ൽ കൊല്ലപ്പെട്ട 203 ഭീകരിൽ 166 പേരും നാട്ടുകാർ

ജമ്മുകശ്മീരിൽ സുരക്ഷാസേന ഈ വർഷം വധിച്ച 203 ഭീകരരിൽ 166 പേരും ജമ്മുകശ്മീർ നിവാസികൾ. 43 സാധാരണക്കാർ കൊല്ലപ്പെടുകയും 92 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

49 ഭീകരരെ സുരക്ഷാസേന അറസ്റ്റ്ചെയ്തു. ഒമ്പതുപേർ കീഴടങ്ങി. ഭീകരവാദവുമായി ബന്ധപ്പെട്ട 92 ആക്രമണങ്ങളാണ് ഇക്കാലയളവിൽ താഴ്‌വരയിലുണ്ടായത്.

Content Highlights: Jammu and Kashmir Terror attack