ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്‌നാഗിൽ ‘ഗ്രാമത്തിലേക്കു മടങ്ങൂ’ പരിപാടിക്കിടെ ഗ്രാമമുഖ്യനെയും സർക്കാരുദ്യോഗസ്ഥനെയും ഭീകരർ വധിച്ചു. ബഡസ്ഗാം ഗ്രാമമുഖ്യൻ റഫീഖ് ഷാ, സർക്കാർ ഉദ്യോഗസ്ഥനായ സഹൂർ അഹമ്മദ് ശൈഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു ഉദ്യോഗസ്ഥനായ മൻസൂർ പരായ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭീകരരുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളിൽ ഗ്രാമീണരുടെ വിശ്വാസംനേടാൻ നടത്തുന്ന പരിപാടിയാണ് ‘ഗ്രാമത്തിലേക്കു മടങ്ങൂ’ എന്നത്. അനന്ത്നാഗ് അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണറും പരിപാടിക്കെത്തിയിരുന്നു. അദ്ദേഹത്തെ സംഭവസ്ഥലത്തുനിന്ന് സുരക്ഷിതനായി നീക്കിയതായി അധികൃതർ അറിയിച്ചു. ഗ്രാമീണരോടു സംവദിക്കാൻ 5000 പഞ്ചായത്തുദ്യോഗസ്ഥരെയാണ് ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ ജി.സി. മുർമു ചുമതലപ്പെടുത്തിയിരിക്കുന്നത്.
രണ്ട് ഹിസ്ബുൾ ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്‌ബുൾ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടു. ഇർഫാൻ അഹമ്മദ് ശൈഖ്, ഇർഫാൻ അഹമ്മദ് റതർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് ഷാഡിമാർഗിൽ വാഹനപരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
Content Highlights: Jammu and Kashmir Terror attack