ജമ്മു: ജമ്മുകശ്മീർ ജില്ലാ വികസനസമിതി തിരഞ്ഞെടുപ്പിൽ (ഡി.ഡി.സി.) പ്രതിപക്ഷകക്ഷികൾ ഉൾപ്പെടുന്ന പീപ്പിൾ അലയൻസ് ഫോർ ഗുപ്കാർ ഡിക്ലറേഷൻ (ഗുപ്കാർ സഖ്യം) 110 സീറ്റുകളിൽ വിജയിച്ചു. 74 സീറ്റുകൾ നേടിയ ബി.ജെ.പി.യാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ആകെ 280 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഫലം വന്ന 276 സീറ്റുകളിൽ സ്വതന്ത്രർ- 49, കോൺഗ്രസ്- 26, അപ്നി പാർട്ടി- 12, പി.ഡി.എഫ്.- 2, എൻ.പി.പി. രണ്ട്, ബി.എസ്.പി.- ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.

20 ജില്ലകളിൽ ആറിടത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ ഗുപ്കാർ സഖ്യം വിജയിച്ചപ്പോൾ ബി.ജെ.പി.ക്ക് അഞ്ചിടത്താണ് വിജയിക്കാൻ കഴിഞ്ഞത്. മറ്റു ജില്ലകളിൽ സ്വതന്ത്രരും ചെറുകക്ഷികളുമാവും ജില്ലാഭരണം ആർക്കെന്നു നിശ്ചയിക്കുക. ജമ്മുവിൽ ബി.ജെ.പി. നേട്ടമുണ്ടാക്കിയപ്പോൾ കശ്മീരിൽ ഗുപ്കാർ സഖ്യത്തിനാണ് മുൻതൂക്കം. കുപ്‌വാരയിലെ ഒമ്പത് സീറ്റുകളും ഗുപ്കാർ നേടി. ജമ്മുവിലെ കഠുവ, സാംബ എന്നിവിടങ്ങളിൽ ബി.ജെ.പി. വലിയമുന്നേറ്റം നടത്തി. ശ്രീനഗർ, പൂഞ്ച് ജില്ലകളിൽ സ്വതന്ത്ര സ്ഥാനാർഥികൾ ഏഴു സീറ്റുകൾ വീതം നേടി. പൂഞ്ചിലെ മറ്റൊരു സീറ്റിലും സ്വതന്ത്ര സ്ഥാനാർഥി മുന്നിലാണ്. ബന്ദിപോര, കുപ്‌വാര, പൂഞ്ച്, രാജൗരി ജില്ലകളിലെ ഓരോ മണ്ഡലങ്ങളുടെ ഫലങ്ങൾ ഇനിയും വരാനുണ്ട്.

Content Highlightsl Jammu and Kashmir Gupkar alliance